ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത 8.5 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട് വെള്ളൂക്കുന്നേല്‍ ജിമ്മി സഖറിയ നല്‍കിയ ഹര്‍ജി ജില്ലാ കളക്ടര്‍ തള്ളി.
അനധികൃതമായി കൈവശംവെച്ച സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയും കെട്ടിടങ്ങളുമാണ് കഴിഞ്ഞ ഒക്ടോബര്‍ 11ന് സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തിരിച്ച് പിടിച്ചത്.
ചിന്നക്കനാല്‍ വില്ലേജില്‍ മാത്രം ഗുരുതര കൃത്രിമങ്ങളും ക്രമക്കേടും കണ്ടെത്തിയതിനാല്‍ ഇത് സംബന്ധിച്ച് റവന്യൂ വിജിലന്‍സ്/ വിജിലന്‍സ് വകുപ്പുകളുടെ സംയുക്ത അന്വേഷണം വേണമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ ഉത്തരവില്‍ പറയുന്നു. ഉത്തരവിന് പിന്നാലെ 8.5 ഏക്കര്‍ ഭൂമിയും കേരള വനം വികസന കോര്‍പ്പറേഷന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്റെ നേതൃത്വത്തില്‍ പാട്ടത്തിന് കൈമാറി.
ഒക്ടോബര്‍ 19ന് ആണ് വിഷയത്തില്‍ ജിമ്മി സഖറിയ റിവിഷന്‍ ഹര്‍ജി നല്‍കിയത്. ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് നടത്തിയ വിശദമായ പരിശോധനക്ക് ശേഷം 13 പേജുള്ള ഉത്തരവാണ് ഇന്നലെ പുറത്തിറക്കിയത്. ജിമ്മി സഖറിയ തന്റെ ഭൂമിയെന്ന് അവകാശപ്പെട്ട സ്ഥലങ്ങളുടെ നാല് പട്ടയങ്ങളാണ് ഹാജരാക്കിയത്. ഇതില്‍ മൂന്നും വ്യാജമാണെന്നും ഉള്ള ഒരു പട്ടയത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പുറംമ്പോക്കായ ഭൂമി കയ്യേറിയിരുന്നതെന്നും കണ്ടെത്തി. ഈ പട്ടയ സ്ഥലം ഇവിടെ നിന്ന് അരകിലോ മീറ്ററോളം അകലെയുമാണ്.
ഇവ മൂന്നും പ്രത്യേകം പ്രത്യേകം പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്. എല്‍എ 121/77 എന്ന പട്ടയത്തിന് ഒരു സാമ്പത്തിക വര്‍ഷം തന്നെ രണ്ട് തവണ കരം അടച്ചതായും ക്രമക്കേടുകള്‍ക്ക് വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ കൂട്ട് നിന്നതായും കണ്ടെത്തലുണ്ട്. 1993ലാണ് അവസാനമായി ഇതിന് കരമടച്ചത്.
പേരിനൊരു തണ്ടപ്പേര്‍ പോലും ഇല്ലാത്ത എല്‍എ 187/ 55 പട്ടയത്തിന് 2004ല്‍ കരമടച്ചതായും രേഖയുണ്ട്. ഈ കൃത്രിമം മറയ്‌ക്കുന്നതിനായി തണ്ടപ്പേര്‍ രജിസ്റ്ററിലെ 1985-86 കാലഘട്ടത്തിലെ താളുകള്‍ വരെ കീറിമാറ്റി. മൂന്നാമത്തെ പട്ടയവും 1993ല്‍ നല്‍കിയതായാണ് പറയുന്നത്. ഇതിന്റെ രജിസ്റ്റര്‍ രേഖകളും കീറിമാറ്റിയ നിലയിലാണ്. ഇത്തരത്തില്‍ മറ്റുള്ളവരെ ബിനാമികളാക്കിയാണ് തട്ടിപ്പ് മൊത്തം നടത്തിയിരിക്കുന്നത്. എല്‍എ 203/ 78 എന്ന പട്ടയയത്തിന്റെ അതിര് പറയുന്ന സ്ഥലത്തെ പട്ടയങ്ങള്‍ പോലും വ്യാജമായി രേഖകളില്‍ എഴുതി ചേര്‍ത്തിരിക്കുന്നതാണെന്നും കണ്ടെത്തലുണ്ട്. ഹാജരാക്കിയ യഥാര്‍ത്ഥ പട്ടയത്തിന്റെ പേരില്‍ മറ്റൊരു പുറംമ്പോക്ക് ഭൂമിയാണ് കൈവശം വെച്ചിരുന്നത്. ഇത്തരത്തില്‍ മറ്റ് സ്ഥലങ്ങളിലും ഭൂമി ഇരട്ടിപ്പായി ഇയാള്‍ കൈവശം വെച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്. ഓരോ കാര്യങ്ങളും വിശദമായി പറയുന്ന റിപ്പോര്‍ട്ട് ഭൂമി കൈയേറ്റ വിഷയങ്ങളില്‍ അധികൃതര്‍ എങ്ങനെ നടപടി എടുക്കണം എന്നതിലേക്കും വിരള്‍ ചൂണ്ടുന്ന ഒന്നാണ്.
അതേ സമയം വിഷയത്തില്‍ ഹൈക്കോടതിയിലും കേസ് നടന്ന് വരികയായതിനാല്‍ ഇത് പ്രകാരമാകും അന്തിമ നടപടി. ചിന്നക്കനാലില്‍ തന്നെ 70 ഏക്കര്‍ ഭൂമി ഇതേ കുടുംബം കൈയേറി മറിച്ച് വിറ്റതുമായി ബന്ധപ്പെട്ടും നിലവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്. 2017ല്‍ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് നീക്കിയത് ജിമ്മിയുടെ ജേഷ്ഠന്‍ കൈയേറിയ സ്ഥലത്ത് നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: