തൊടുപുഴ: എംവിഐപി മലങ്കര വലതുകര കനാല്‍ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കനാലിന്റെ ഭാഗമായുള്ള ഷട്ടര്‍ ഉയര്‍ത്തിയത്. 2.30യോടെ ഇടവെട്ടി മേഖലയില്‍ വെള്ളമെത്തി.
അതേ സമയം ക്ലീനിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായി. വെള്ളമെത്തിയപ്പോള്‍ തടസം നേരിടാതിരിക്കാന്‍ കരാര്‍ ജീവനക്കാരനും തൊഴിലാളികളും നന്നേ പാടുപ്പെട്ടു. സാധാരണ ക്ലീനിങ് നടത്തിയ ശേഷം വേസ്റ്റായി വരുന്നവ കത്തിച്ച് കളയുകയോ വെള്ളമൊഴുകുന്ന ബെഡ്ഡിന്റെ മുകലിലേക്ക് മാറ്റി നിക്ഷേപിക്കുകയോ ആണ് പതിവ്.
എന്നാല്‍ ഇത്തവണ ഇതിന് സമയം കിട്ടാതെ വന്നതോടെ വെള്ളമെത്തിയപ്പോള്‍ വലിയ തോതിലുള്ള പുല്ല്, പ്ലാസ്റ്റിക്ക്, കമ്പുകള്‍ തുടങ്ങിയ ഒഴുകിയെത്തി. ഇതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത പലയിടത്തും കുറഞ്ഞു. ഇടവെട്ടി മേഖലയില്‍ വെള്ളമെത്തിയപ്പോള്‍ തൊണ്ടിക്കുഴ അക്വഡേറ്റിന്റെ ഷട്ടര്‍ ഉയര്‍ത്തി ആദ്യം വെള്ളം വലിയ തോട്ടിലേക്ക് ഒഴുക്കി വിട്ടാണ് മാലിന്യം നീക്കിയത്. പിന്നാലെ ഇവിടെയുള്ള ഷട്ടര്‍ തുറന്ന് വെള്ളം വിട്ടെങ്കിലും പലയിടത്തും വലിയ തോതില്‍ ചപ്പുചവറുകള്‍ കിടന്നത് തിരിച്ചടിയായി. അഞ്ചോളം തൊഴിലാളികള്‍ കമ്പുകളുമായെത്തി ഇവ വെള്ളത്തിനൊപ്പം ഒഴുക്കി വിടുകയാണ് ചെയ്തത്. വലിയ കമ്പുകളെല്ലാം കനാലില്‍ നിന്ന് എടുത്ത് മാറ്റി.
സാധാരണ തൊഴിലുറപ്പില്‍പ്പെടുത്തിയാണ് കനാല്‍ ശുചീകരണം നടന്നിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് പുറം കരാര്‍ നല്‍കുകയാണ്. ഇവരാകട്ടെ കൃത്യമായി ശുചീകരണം നടത്താറില്ലെന്ന് നാട്ടുകാരും പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പണികള്‍ നടത്തിയത്.
ആദ്യം രാവിലെ ആറിന് വെള്ളം തുറന്ന് വിടാന്‍ നിശ്ചയിച്ചെങ്കിലും പിന്നീട് ശുചീകരണ ജോലികള്‍ തീരാത്തതിനാല്‍ സമയം മാറ്റുകയായിരുന്നു. മാലിന്യം നീക്കാതെ വെള്ളം തുറന്ന് വിട്ടാല്‍ വെള്ളം കെട്ടി നില്‍ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം.
തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതുകര കനാലില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കോതമംഗലം ഭാഗത്താണ്. ഇടത് കര കനാല്‍ ചൊവ്വാഴ്ച തുറന്നിരുന്നു.
രണ്ട് കനാലിലൂടെയും വെള്ളം കടന്ന് പോകുന്ന വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ആയിരക്കണക്കിന് ആളുകള്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: