കൊല്ലം: കൊറോണ അകറ്റിയപ്പോള്‍ ചങ്ങാതിമാര്‍ കൂടി തീരുമാനിച്ചത് ഒരു സിനിമയെടുക്കാന്‍. ചര്‍ച്ചകള്‍ക്കൊടുവില്‍ 20 മിനിട്ട് ഹ്രസ്വചിത്രമായി സീതാകല്യാണവൈഭോഗമെ…പുറത്തിറക്കി. ഡിസംബര്‍ 31ന് യുട്യൂബിലായിരുന്നു മുഖത്തല സെന്റ് ജൂഡ് സ്കൂളില്‍ പഠിച്ച 1991 ബാച്ചിലെ പത്താം ക്ലാസുകാര്‍ തയ്യാറാക്കിയ ചിത്രം റിലീസ് ചെയ്തത്. എ മുതല്‍ എഫ് വരെ ഡിവിഷനുകളിലായി പഠിച്ച 180 ചങ്ങാതിമാരുടെ കൂട്ടായ്മയാണ് ഇതിനായി പ്രവര്‍ത്തിച്ചത്.
സ്കൂള്‍ ജീവിതത്തോട് വിടപറഞ്ഞിട്ട് മൂപ്പതുവര്ഷങ്ങളായെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി മുടങ്ങാതെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവര്‍ ഒത്തുകൂടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ തൊഴില്‍മേഖലകളിലും കുടുംബസാഹചര്യങ്ങളിലുമാണ് എല്ലാവരും. കൊറോണ കാരണം കൊതിച്ചിരുന്ന ഒത്തുചേരല്‍ നടക്കാതെ പോയി. ഇതിനെ അതിജീവിക്കാനാണ് കലാമനസുള്ള സുഹൃത്തുക്കള്‍ ഇങ്ങനെയൊരു ഉദ്യമത്തിന് സാഹസപ്പെട്ടതെന്ന് സംവിധായകനും പത്ത് എയിലെ വിദ്യാര്‍ഥിയുമായിരുന്ന ബിനുരാജ് ജന്മഭൂമിയോട് പറഞ്ഞു. പ്രമുഖ സിനിമാനടനും സഹപാഠിയുമായ വിജയ്ബാബുവിന്റെ ആമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ തന്റ ഫേയ്സ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്യാനിരിക്കുകയാണ് വിജയ്ബാബു. 91 ബാച്ചിലെ ഹരിഹരനുണ്ണിയാണ് ചിത്രത്തില്‍ നായകനെ അവതരിപ്പിക്കുന്നത്. 10 ബിയിലെ വൃന്ദ വിജയലക്ഷ്മി, 10 ഡിയിലെ സുമേഷ് എം.എസ് എന്നിവരാണ് നിര്‍മാതാക്കള്‍. ഇതിനോടകം രണ്ടായിരത്തിലേറെ പേര് സിനിമ കണ്ടുകഴിഞ്ഞു. അവിവാഹിതനായ കോടീശ്വരന് രാമന്‍കുട്ടിയുടെ ജീവിതം വരച്ചുകാണിക്കുകയാണ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: