കോഴിക്കോട്: ആരോഗ്യ വകുപ്പില്‍ യോഗ്യതകളില്ലാത്തവര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് നിയമനവും പ്രമോഷനും. ആരോഗ്യ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കേഡറിലാണ് സ്വന്തക്കാര്‍ക്ക് രാഷ്ട്രീയ പരിഗണന വച്ച് നിയമനം നല്‍കുന്നത്. അഡ്മിനിസ്ട്രേറ്റീവ് കേഡറില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് അനധികൃത നിയമനം നേടിയവര്‍ നിരവധി.
2007ന് ശേഷം എഴുപത്തിനാല് പേര്‍ക്കാണ് അഡ്മിനിസ്ട്രേറ്റീവ് കേഡറില്‍ നിയമനം നല്‍കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. 2007ല്‍ നിലവില്‍ വന്ന മെഡിക്കല്‍ ഓഫീസ് സ്പെഷ്യല്‍ റൂള്‍സ് അനുസരിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് കേഡറില്‍ നിയമനം നല്‍കേണ്ടത്. അഡ്മിനിസ്ട്രേറ്റീവ് കേഡറിലെ പ്രവേശന തസ്തികയായ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് തസ്തികയില്‍ നിന്ന് നേരിട്ടോ ഓപ്ഷന് സ്വീകരിച്ചോ ആണ് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമനം നല്‍കേണ്ടത്. നിശ്ചിത യോഗ്യതകള്‍ ഉള്ളവര്‍ സര്വീസിലില്ലെങ്കില് പിഎസ്സി വഴി നേരിട്ട് നിയമനം നടത്താം. എന്നാല്‍, ഇത് പരിഗണിക്കാതെ അനര്‍ഹരെയാണ് പ്രമോഷന് വഴി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് കേഡറിലെ ഒഴിവുകളൊന്നും ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്പെഷ്യല്‍ റൂള്‍സിലെ നിബന്ധനകള്‍ പാലിച്ച് മാത്രമേ നിയമനം നടത്താവൂയെന്ന് 2017ല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഇറക്കിയിരുന്നു.
യോഗ്യതകള്‍ സംബന്ധിച്ച് നിബന്ധനകള്‍ പാലിക്കാതെയാണ് 2014 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ ഓപ്ഷന് നല്കിയ പലര്‍ക്കും നിയമനവും പ്രമോഷനും ലഭിച്ചത്. ആദ്യ പ്രമോഷന് തസ്തികയായ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ നിര്‍ദ്ദേശിച്ച യോഗ്യതകള്‍ക്ക് പുറമേ അഞ്ച് വര്‍ഷം ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ സേവന പരിചയവും വേണം. എന്നാല്‍, മാനദണ്ഡങ്ങള്‍ മറികടന്ന് സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അഞ്ച് വര്‍ഷം സര്‍വീസ് പോലുമില്ല. എംബിബിഎസ്സിന് ശേഷം പിജി ബിരുദം നേടേണ്ടതുണ്ട്. എന്നാല്‍, എംബിഎ ബിരുദമുള്ളവര്‍ പോലും നിയമനം നേടി. എന്നാല്‍, ഇവരാരും ഉപരിപഠനത്തിനായി അവധിയില്‍ പ്രവേശിച്ചതും രേഖകളിലില്ല. ഇത്തരം ബിരുദങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചും സംശയമുയരുന്നു. അര്‍ഹതയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാതെ സര്‍വീസില്‍ തുടരുമ്പോഴാണ് യോഗ്യതകളില്ലാത്തവര്‍ അനധികൃതമായി നിയമനം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: