1987ല്‍ ഗള്‍ഫിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനെയെന്ന് ജോയ് ആലുക്കാസ് ബിസിനസ് വോയ്സിനോട് പറയുന്നു
ബിസിനസ് വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകമായത് അബുദാബിയിലേക്ക് പോകാനെടുത്ത തീരുമാനമായിരുന്നു. 1987ല്‍ യുഎഇയിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഞാന്‍ തൃശൂരില്‍ ഒരു ഷോപ്പുമായി ചിലപ്പോ ഇരുന്നു പോയേനേ. പരമാവധി തൃശൂര്‍ റൗണ്ട് വരെ പോകും. അന്നത്തെ തൃശൂരില്‍ യാതൊരു ആളും അനക്കവും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ബിസിനസ് ആക്റ്റിവിറ്റികളൊന്നും കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല. ഞാനും ആ സംവിധാനത്തിന്റെ ഭാഗമായിപ്പോയേനേ.
വളരാനുള്ള മികച്ച അവസരമാണ് അബുദാബിയില്‍ ലഭിച്ചത്. ഗള്‍ഫിനൊപ്പം വളരാന്‍ സാധിച്ചു എന്നത്നി ര്‍ണായകമായി. നല്ല വളക്കൂറുള്ള മണ്ണില്‍ വളര്‍ന്നാലല്ലേ നല്ല കായ്ഫലമുണ്ടാകൂ. സാഹചര്യങ്ങള്‍ തന്നെയാണ് ആരുടെയും വളര്‍ച്ചയ്ക്ക് അടിസ്ഥാനം. ഏത് പ്രൊഫഷന് ആയാലും നല്ല സ്ഥലത്ത് ചെന്നുപെട്ടാല്‍ നന്നായി വരും.
കേരളത്തിലാണ് ബിസിനസ് ആരംഭിച്ചതെങ്കിലും വൈകാതെ കോയമ്പത്തൂരിലേക്ക് നീങ്ങി. അവിടത്തെ സാധ്യതകള്‍ വളരെ വേഗം തിരിച്ചറിയാന്‍ സാധിച്ചു
കോഴിക്കോടും ഞങ്ങള്‍ക്ക് ബിസിനസുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നുള്ള കസ്റ്റമേഴ്സ് സ്വര്‍ണം വാങ്ങാനെത്തും. അവരുടെ പത്രാസും മറ്റുമെല്ലാം കണ്ടാണ് അവിടേക്ക് പോകാനുള്ള മോഹമുണ്ടായത്. വലിയ കൂട്ടു കുടുംബമാണ് ഞങ്ങളുടേത്. വിദേശത്തേക്ക് ബിസിനസ് ചെയ്യാന്‍ പോയപ്പോള്‍ വളര്‍ച്ചയാണ് കാണാനായത്. അക്കാലത്ത് അവിടെത്തിയ എല്ലാവരും ആ ട്രെന്‍ഡിനൊപ്പം വളര്‍ന്നു, എംഎ യൂസഫലി, സണ്ണി വര്‍ക്കി, ഡോ. ആസാദ് മൂപ്പന്, ബി ആര് ഷെട്ടി എന്നിങ്ങനെ ധാരാളം ആളുകള്‍. ഇവര്‍ക്കൊക്കെ നാട്ടിലും ബിസിനസ് ചെയ്യാമായിരുന്നോ എന്ന് ചോദിച്ചാല്‍ ഇവിടെ അത്തരമൊരു അവസരം കാണുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഗ്രോത്ത് ഉള്ളിടത്തേക്ക് നീങ്ങാന്‍ മടിയൊന്നും കാട്ടേണ്ടതില്ല. നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവരെല്ലാം നന്നായിട്ടുണ്ട്.
ബിസിനസ് ഒരു ആര്‍ട്ടാണ്
സംരംഭകനാവാന്‍ അടിസ്ഥാനപരമായി ഒരു ടാലന്റ് വേണമെന്ന് ഞാന്‍ കരുതുന്നു. പാട്ടു പാടുന്നത് ഒരു കലയാണ്, ചിലര്‍ക്കത് ജന്മനാ ലഭിക്കും. ചിത്രം വരയ്ക്കുന്നതും എഴുത്തുമെല്ലാം കലയാണ്. അതുപോലെ തന്നെ ബിസിനസും ഒരു ആര്‍ട്ടാണെന്ന് ഞാന്‍ കരുതുന്നു. ആ ആര്‍ട്ട് ജന്മനാ കിട്ടിയവര്‍ എവിടെപ്പോയാലും ബിസിനസില്‍ ശോഭിക്കും
സംരംഭകത്വം
സംരംഭകത്വത്തില്‍ ലക്ഷ്യബോധം പ്രധാനമാണ്. സംരംഭം നമ്മുടെ നാട്ടില്‍ അനുയോജ്യമല്ലെങ്കില്‍ അത് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഒഴുക്കിനെതിരെ നീന്തിയാല്‍ കരയ്ക്കെത്താന്‍ സാധ്യത കുറവാണെന്നത് മനസിലാക്കണം. സംരംഭത്തിന് പറ്റിയ സ്ഥലത്ത് പോയി അത് യാഥാര്‍ത്ഥ്യമാക്കുക. ലോകം ഇന്നൊരു തുറന്ന വിപണിയാണ്, എവിടേക്കും യാത്ര ചെയ്യാനുള്ള അവസരമുണ്ട്.
സംരംഭകത്വത്തില്‍ ലക്ഷ്യബോധം പ്രധാനമാണ്. സംരംഭം നമ്മുടെ നാട്ടില്‍ അനുയോജ്യമല്ലെങ്കില്‍ അത് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്
അടുത്ത ലക്ഷ്യം
വെട്ടിപ്പിടിക്കണം എന്നൊരു ആഗ്രഹം തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. ഗള്‍ഫില്‍ നിന്ന് പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് ഷോറൂമുകള്‍ വ്യാപിപ്പിച്ചപ്പോഴെല്ലാം ഒറ്റയ്ക്ക് തന്നെയാണ് അതിനായി അധ്വാനിച്ചത്. ഭാഷയുടെയടക്കം പരിമിതികള്‍ എനിക്കുണ്ടായിരുന്നു. അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷുമെല്ലാം പിന്നീട് പഠിച്ചെടുത്തു, നമ്മുടെ കാര്യങ്ങള്‍ നടത്താനുള്ള ഭാഷ.
കേരളത്തിലാണ് ബിസിനസ് ആരംഭിച്ചതെങ്കിലും വൈകാതെ കോയമ്പത്തൂരിലേക്ക് നീങ്ങി. അവിടത്തെ സാധ്യതകള്‍ വളരെ വേഗം തിരിച്ചറിയാന്‍ സാധിച്ചു. പിന്നെ ഇതര സംസ്ഥാനങ്ങളിലാണ് ഫോക്കസ് ചെയ്തത്.
മലയാളികള്‍ കൂടുതലുള്ള ലണ്ടന്‍, യുഎസ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കെല്ലാം എത്തി. എന്റെ ഓഫീസിലിരിക്കുന്ന ഒരു ക്ലോക്കില്‍ ഓസ്ട്രേലിയയിലെ സമയമാണ് കാണിക്കുന്നത്. ഓസ്ട്രേലിയയില്‍ ബിസിനസ് ആരംഭിക്കുകയെന്ന ലക്ഷ്യമാണ് അത് ഓര്‍മിപ്പിക്കുന്നത്. മരണം വരെയും കര്‍മനിരതനായി മുന്നോട്ടു പോകണമെന്ന ആശയക്കാരനാണ് ഞാന്‍.
പ്രതിസന്ധികള്‍
പ്രതിസന്ധികള്‍ വേണം, കുറഞ്ഞത് ഒരു പ്രതിസന്ധിയെങ്കിലും ഉണ്ടാവണം. അത് കൈകാര്യം ചെയ്യുമ്പോഴാണ് നമുക്ക് കൂടുതല്‍ പ്രാപ്തിയുണ്ടാവുക.
കെ എസ് ശ്രീകാന്ത്
(ബിസിനസ് വോയ്സ് അസിസ്റ്റന്റ് എഡിറ്റര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: