തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യം രാഷ്‌ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യും. ജനുവരി 20ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്നും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്ന പ്രക്രിയ തുടരും. ഡിസംബര്‍ 31ന് ശേഷം ചേര്‍ക്കുന്നവരുടെ പേരുകള്‍ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുന്‍പാകും സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്നും മീണ പറഞ്ഞു. ഇക്കുറി 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമൊരുക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ 80 വയസിനു മുകളിലുള്ള 6,51,317 പേര്‍ വോട്ടര്‍പട്ടികയിലുണ്ട്. ജില്ലകളില്‍ കളക്ടര്‍മാരോട് ഇവരുടെ പ്രത്യേക പട്ടിക തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2020 നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേരു ചേര്‍ക്കാന്‍ ഇതുവരെ ലഭിച്ചത് 5,38,309 അപേക്ഷകളാണ്. കരട് വോട്ടര്‍പട്ടിക പ്രകാരം 2,63,08,087 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിന് 25,041 പോളിങ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നതെങ്കിലും കൊവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ബൂത്തുകളില്‍ വര്‍ധനവുണ്ടാകും. 15,000 അധിക ബൂത്തുകള്‍ ഇത്തവണ വേണ്ടിവരും. ഒരു ബൂത്തില്‍ 1,000 പേര്‍ എന്ന രീതിയിലാണ് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ബൂത്തുകള്‍ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ വിന്യാസവും അധികം വോട്ടിങ് മെഷീനുകളും ആവശ്യമായിവരും. ഇതിനായി 51,000ല്‍ അധികം വോട്ടിങ് മെഷീനുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ളതിനു പുറമേ മഹാരാഷ്‌ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നും മെഷീന്‍ എത്തിച്ചിട്ടുണ്ട്. മെഷീനുകളുടെ ആദ്യഘട്ട പരിശോധന 28 മുതല്‍ വിവിധ ജില്ലകളില്‍ നടന്നു വരുന്നുണ്ട്. രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ജില്ലകളില്‍ മെഷീന്‍ പരിശോധനകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: