കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് കൊട്ടിയൂരില്‍ പട്ടികജാതി കുടുംബത്തിനെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. പാലുകാച്ചിയിലെ അനീഷും കുടുംബത്തിനും നേരെയാണ് സിപിഎം ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അനീഷിന്റെ സഹോദരി അശ്വതി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അനീഷിന്റെ ഗര്‍ഭിണിയായ ഭാര്യയെയും സഹോദരിയെയും വരെ സിപിഎമ്മുകാര്‍ ആക്രമിച്ചെന്നും ആരോപണമുണ്ട്. എട്ട് മാസം ഗര്‍ഭിണിയാണ് അനീഷിന്റെ ഭാര്യ ടീന. എന്നാല്‍ ആ പരിഗണന പോലും നല്‍കാതെയാണ് സിപിഎമ്മുകാര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇതില്‍ പരിക്കേറ്റ് ടീന ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു. അനീഷിനെ കൊന്ന് കളയുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി.
അനീഷിന്റെ സഹോദരി അശ്വതിയെയും അക്രമികള്‍ മര്‍ദ്ദിച്ചു. ഇരുമ്പ് വടി കൊണ്ടുള്ള അടിയില്‍ അശ്വതിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഊരുവിലക്കിന് സമാനമായ സാഹചര്യമാണ് ഇവര്‍ ഇവിടെ നേരിടുന്നത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഭയന്ന് കേന്ദ്ര പട്ടികജാതി കമ്മീഷനടക്കം കുടുംബം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: