ന്യൂദല്‍ഹി: കേന്ദ്ര കൃഷി നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ നേതാക്കളുമായി ഒന്നിച്ചു ഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമറും പീയുഷ് ഗോയലും. വിജ്ഞാന്‍ ഭവനിലെ ആറാംവട്ട ചര്‍ച്ചയ്‌ക്കിടെ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴായിരുന്നു കേന്ദ്രമന്ത്രിമാര്‍ കര്‍ഷകര്‍ക്കൊപ്പം ഒന്നിച്ച് ഭക്ഷണം കഴിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ആതിഥേയത്വം സീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷക സംഘടനാ പ്രതിനിധികള്‍ അഞ്ചുതവണയും ഭക്ഷണം കൊണ്ടുവരികയോ ഭക്ഷണസമയത്ത് പുറത്തുനിന്ന് ആഹാരം എത്തിക്കുകയോ ചെയ്തിരുന്നു.
ഭക്ഷണമൊരുക്കാനായി സിംഘു ഉള്‍പ്പെടെയുള്ള ദല്‍ഹി അതിര്‍ത്തികളില്‍ നിരവധി സമൂഹ അടുക്കളകള്‍ കര്‍ഷകര്‍ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ചര്‍ച്ചകളിലെ ഇടവേളകില്‍ കര്‍ഷകരും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും വെവ്വേറെ ആയിരുന്നു ഭക്ഷണം കഴിച്ചത്. ആഹാരത്തിന്റെ കാര്യത്തില്‍ കര്‍ഷകരുടെ പതിവിന് ഇക്കുറിയും മാറ്റമുണ്ടായില്ല.
എന്നാല്‍ ഇത്തവണ നിര്‍ണായക ചര്‍ച്ചയ്‌ക്ക് എത്തിയ കേന്ദ്രമന്ത്രിമാര്‍ അവരുടെ പതിവ് തെറ്റിച്ചു കര്‍ഷകര്‍ക്കൊപ്പം കൂടുകയായിരുന്നു. പരിപ്പിനും പച്ചക്കറിക്കുമൊപ്പം ചോറും റൊട്ടിയുമായിരുന്നു കര്‍ഷകരുടെ ഉച്ചഭക്ഷണം. എല്ലാ പ്രാവശ്യവും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിവച്ചിരുന്ന ഭക്ഷണം കര്‍ഷകര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രിമാര്‍ മാതൃക കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: