നമ്മുടെ രാജ്യത്തു പുതിയ കാര്‍ഷിക നിയമത്തെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങളും , ചര്‍ച്ചകളും, സംവാദങ്ങളും നടക്കുന്നു. കാര്‍ഷികമേഖലയിലെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വെല്ലുവിളികള്‍ , പ്രശ്നങ്ങള്‍, സാമ്പത്തിക ഉദാരവല്‍ക്കരണം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണ സൗകര്യങ്ങളുടെ അപര്യാപ്തത, കാര്‍ഷിക മേഖലയും മറ്റ് മേഖലകളും തമ്മിലുള്ള അസമത്വം, അപര്യാപ്തമായ വിപണികളും, അടിസ്ഥാന സൗകര്യങ്ങളും, വായ്പ എന്നിവ പരിഹരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ അവതരിപ്പിച്ചത്.
ഇത് കണക്കിലെടുത്ത്, മൂന്ന് കാര്‍ഷിക നിയമങ്ങള്‍, അതായത്, കാര്‍ഷിക വില വിപണ വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനകള്ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ സംരക്ഷണ) കരാര്‍ 2020 എന്നീ നിയമങ്ങളാണു സര്‍ക്കാര്‍ പുതിയതായി മുന്നോട്ടു വെച്ചത്. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ കാര്‍ഷിക ബില്ലുകള്‍.
പുതിയ കാര്‍ഷിക നിയമം അനുസരിച്ചു കര്ഷകന് ഉല്പന്നങ്ങള് ആര്‍ക്കും എവിടെയും വില്‍ക്കാം. ഇതുകൂടാതെ കര്‍ഷകര്‍ക്ക് സ്വന്തമായി വിപണ സംവിധാനം ഉണ്ടാക്കാനും ചില്ലറ വ്യാപാരികള്‍ക്കും മറ്റും നേരിട്ട് ഉല്പന്നങ്ങള് വില്‍ക്കാനും കഴിയുന്നു. കാര്‍ഷിക വിള വിപണന സമിതികളുടെ (എപിഎംസി) പരമ്പരാഗത ചന്തകള്‍ക്കു പുറത്തു വിപണനം നടത്താനും സംസ്ഥാനാന്തര ഇടപാടുകള്‍ നടത്താനും, കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്കുന്നവയാണ് ഈ പുതിയ ബില്ലുകള്‍. അതുകൂടാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങ് വില ലഭ്യമാക്കുകയും ചെയ്യും.
കൂടാതെ, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ അവശ്യമുള്ളവര്ക്ക് വില്ക്കാന് സ്വാതന്ത്ര്യം ലഭിക്കുന്നു. വിലപേശലിലൂടെയും കിടമത്സരത്തിലൂടെയും മികച്ച വില ലഭിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. കര്‍ഷകര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും സാധിക്കുന്നു.
കുത്തക ഇടനിലക്കാര്‍ അടങ്ങിയ വിപണനത്തിലെ പ്രധാന തടസ്സങ്ങള്‍ അവസാനിക്കും. ഉപഭോക്താക്കള്‍ നല്കുന്ന വിലയുടെ കൂടുതല്‍ വിഹിതം കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കും. ഈ നിയമങ്ങളിലൂടെ ഗ്രാമീണ കാര്‍ഷിക യുവാക്കള്‍ക്ക് കാര്‍ഷികമേഖലയില്‍ നൂതന വ്യാപാര, വിതരണ ശൃംഖല ആരംഭിക്കുവാന്‍ സാധിക്കുന്നു. നൂതന സാങ്കേതിക വിദ്യകള്‍, സേവനങ്ങള്‍ എന്നിവയിലേക്ക് കര്‍ഷക ശാക്തീകരണം ഉറപ്പാക്കാനും വില അസ്ഥിരതയില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുവാനും ഇത് മൂലം സാധിക്കുന്നു.
കര്‍ഷക ഉല്പാദന ഓര്‍ഗനൈസേഷനുകള്‍ വഴി ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലപേശലിലൂടെ മികച്ച വില ലഭിക്കുന്നതിനും, കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതി സംവിധാനം കാര്യക്ഷമാക്കുന്നതിനും നിയമങ്ങള്‍ സഹായകമാകും.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നെല്ലിന് 2.4 മടങ്ങ്, ഗോതമ്പിന് 1.77 മടങ്ങ്, പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് 75 മടങ്ങ്, എണ്ണക്കുരുവിന് 10 മടങ്ങ് താങ്ങ് വില (എംഎസ്പി) വര്‍ദ്ധിപ്പിച്ചു. ഇത്തരത്തില്‍ എംഎസ്പി വില തുടരുകയും, ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും (എഫ്സിഐ) മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും മുമ്പത്തെപ്പോലെ കര്‍ഷകരില്‍ നിന്ന് കാര്‍ഷിക ഉല്പന്നങ്ങള് വാങ്ങുന്നത് തുടരുകയും ചെയ്യും .
കമ്മീഷന് ചാര്‍ജുകള്‍, രജിസ്ട്രേഷന് -ഇടപാട് ഫീസ് ഇല്ലാതെ വാങ്ങുന്നയാള്‍ക്ക് എപിഎംസി ക്കു പുറത്ത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും അവസരം ഒരുങ്ങുകയാണ്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് തലത്തില്‍ സമയബന്ധിതമായി കുറഞ്ഞ ചെലവില്‍ തര്‍ക്കം പരിഹരിക്കുന്നതിനും കാര്‍ഷിക നിയമങ്ങള്‍ സഹായകമാകുന്നു.
ചുരുക്കത്തില്‍ ഈ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ഒത്തൊരുമിപ്പിച്ചു ‘ഒരു രാഷ്ട്രം, ഒരു വിപണി’ എന്ന ലക്ഷ്യമിടുന്നു. അതിനാല്‍, ഈ നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ കാര്‍ഷിക സമൂഹത്തിന്റെ താല്പര്യത്തിനും രാഷ്ട്രപുരോഗതിക്കും വേണ്ടി പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ തയ്യാറാകണം.
‘ജയ് ജവാന് ജയ് കിസാന്‍’.
ഡോ. വി. രവി
ഡയറക്ടര്‍,
കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: