ഏത് പ്രശ്‌നമായാലും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് മോദി സര്‍ക്കാരിന്റെ ഒരു രീതി. ഡല്‍ഹിയില്‍ അകാരണമായി റോഡിലിറങ്ങി സമരമിരിക്കുന്ന ‘വ്യാജ’ കര്‍ഷകരോട് സ്വീകരിക്കുന്ന നയവും അതുതന്നെ. ചര്‍ച്ച നടക്കണോ എങ്കില്‍ നിയമം പിന്‍വലിച്ചിട്ടുവാ എന്നാണ് കര്‍ഷക നേതാക്കളുടെ ന്യായം. സമരം നിര്‍ത്തി വാ എന്നിട്ടേ ചര്‍ച്ചയുള്ളൂ എന്നുപറയുന്ന സര്‍ക്കാറുകളെയും നാം കാണാറുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്തുമ്പോള്‍ ഡല്‍ഹി സമരത്തിന്റെ താങ്ങും തണലുമായി നില്‍ക്കുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പറയുന്നത് പലതവണ ‘കൈരളി’ കണ്ടതല്ലെ.
സെക്രട്ടേറിയേറ്റും സര്‍ക്കാര്‍ ഓഫീസുകളും ഒരുമാസം അടച്ചിട്ടാലും ഒന്നും സംഭവിക്കില്ല. ഇപ്പറഞ്ഞത് മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആന്റണിയാണ്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന് ശഠിച്ച വ്യാജ കര്‍ഷക നേതാവ് രാഗേഷ് അടക്കമുള്ളവര്‍ ‘ഉലക്കവീണ് ചത്ത കോയീന്റെ ചാറ് ആകാം’ എന്ന അവസ്ഥയിലായി. ദല്‍ഹിയില്‍ ചര്‍ച്ച നടക്കും. അതോടെ സമരം തീര്‍ന്നാല്‍ പിന്നെ അവര്‍ക്കു വേണ്ടി പിരിക്കുന്ന തുക ആരുടെ പോക്കറ്റിലെത്തും. ചിന്തിച്ചാല്‍ ഉത്തരം കിട്ടും.
ചൊവ്വാഴ്ച രാവിലെ പാല്‍ വാങ്ങാന്‍ ഇറങ്ങവെ കയറി വന്ന അഞ്ചുപേരുടെ കൈയിലും പ്ലക്കാഡുണ്ട്. ചെങ്കൊടിയുമുണ്ട്. പിന്നെയൊരു ചുവന്ന ബക്കറ്റും. കണ്ടപാടെ പറഞ്ഞു: ”സമരം നടത്തുന്ന കര്‍ഷകരെ സഹായിക്കാനുള്ള ഫണ്ടുപിരിവാ. ബക്കറ്റിലിട്ടാമതി.” നാണവും മാനവുമുള്ളവരാരും വെളുപ്പാന്‍ കാലത്ത് ഇപ്പണി നടത്തുമോ? ദല്‍ഹിയില്‍ സമരമിരിക്കുന്നവരില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും പട്ടിണി പാവങ്ങളല്ല. സ്വന്തമായി ട്രക്കറുകളോടിച്ചും ടൂറിസ്റ്റ് ബസുകള്‍ പിടിച്ചുമാണ് സമരത്തിനിരിക്കുന്നത്.
സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ ശിക്ഷ. ആള്‍ക്കൂട്ടം പാടില്ല. മാസ്‌ക് നിര്‍ബന്ധം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ആയിരം രൂപ എന്നൊക്കെ പറഞ്ഞ് നിയമനടപടിക്ക് നിര്‍ദ്ദേശിക്കുന്ന ഭരണക്കാരുടെ മുന്നില്‍ രാജ്യത്തെയും ഭരണത്തെയും പൊതുജനങ്ങളുടെ ആരോഗ്യത്തെയും വെല്ലുവിളിക്കുകയാണ്. അതിനെ സഹായിക്കണോ? പ്രോത്സാഹിപ്പിക്കണോ? സമാന്യ വിവരം ഉള്ളവര്‍ വേണ്ടെന്നല്ല മറുപടി നല്‍കുക. സമരത്തോട് അനുഭാവമില്ല. അതുകൊണ്ടു തന്നെ സംഭാവന പറ്റില്ലെന്നറിയിച്ചപ്പോള്‍ ഒരുമാതിരി നോട്ടം. മനക്കട്ടിയില്ലാത്തവര്‍ ആ നോട്ടത്തില്‍ തന്നെ ദഹിക്കേണ്ടതാണ്. തല്‍സമയം സംസാരവും തര്‍ക്കങ്ങളും ഉയര്‍ന്നില്ല. മുഖഭാവം കണ്ടപ്പോള്‍ അത് ഏത് സമയത്തും പ്രതീക്ഷിച്ചിരിക്കണം.
പഞ്ചായത്ത് മത്സരവും വിജയഭേരിയുമൊക്കെ മുഴക്കുമ്പോഴാണ് ബക്കറ്റ് പിരിവ്. ബക്കറ്റിലൂടെ ദിവസം പത്തും പതിനഞ്ചും കോടിയൊക്കെ പിരിച്ചെടുക്കുന്ന വമ്പന്മാര്‍ ദല്‍ഹി ദര്‍ബാറിന് എത്രകോടിയാണ് ലക്ഷ്യമിടുന്നത് എന്നാര്‍ക്കുമറിയില്ല. അതിനായി തുനിഞ്ഞിറങ്ങുന്നവരുടെ തൊലിക്കട്ടി സമ്മതിച്ചുകൊടുക്കുക തന്നെ വേണം.
പഞ്ചായത്തിലെ വിജയത്തിന്റെ മേനി പറച്ചലിന് ഒരു അതിര്‍വരമ്പുമില്ല. തവിട് തിന്നാലും തകൃതിവിടില്ലെന്ന ഭാവമാണ് ഇരു മുന്നണികള്‍ക്കും. മത്സരത്തിനിടയിലും മണി കിലുക്കം കേട്ട് മനസ്സ് മാറ്റിയവര്‍ നിരവധിയാണ്. മാര്‍ഗമേതായാലും ലക്ഷ്യമാണ് പ്രധാനമെന്ന് ഉറപ്പിച്ച മാന്യന്മാര്‍ ഇത്തവണയും വോട്ടുചോദിച്ചത് തോല്‍പ്പിക്കാനാണ്. ബിജെപി ഉമ്മാക്കി കാട്ടി വോട്ടുമറിച്ച തീരങ്ങളും കോളനികളും നിരവധി. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നിലയുറപ്പിച്ച കക്ഷികള്‍ മൂന്നാംസ്ഥാനം കൊണ്ട് തൃപ്തരായത് പോക്കറ്റ് കനത്തതുംകൊണ്ടാണ്. വാര്‍ഡിന്റെ അതിരുകളില്‍ തിരിമറി നടത്തുകയും ഒരേ വാര്‍ഡിലെ ഒരു വീട്ടിലെ വോട്ടര്‍മാരെ പല ബൂത്തുകളിലായി വിഭജിച്ചും നേടിയ വിജയം ആഘോഷിക്കുമ്പോള്‍ കണ്ണുചിമ്മി പാലുകുടിക്കുന്ന പൂച്ചയെ ഓര്‍ത്തുപോവുകയാണ്. എല്ലാം മുകളിലൊരാള്‍ കാണുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ പിടിവീഴും. അതിനുള്ള കലഹങ്ങള്‍ സ്വന്തം തലയില്‍ തന്നെ മുളപൊട്ടും. ആലപ്പുഴയില്‍ തുടങ്ങിയത് തലസ്ഥാനത്തും അതിനപ്പുറവും നടമാടുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: