നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. ബംഗാളിന്റെ രാഷ്‌ട്രീയ രംഗത്ത് ബിജെപിയെ കേന്ദ്രീകരിച്ച് വന്നുകൊണ്ടിരിക്കുന്ന ചടുലമായ മാറ്റങ്ങളാണ് ഇതിനു കാരണം. ഇതേത്തുടര്‍ന്ന് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെത്തിയ ഷായ്‌ക്ക് അഭൂതപൂര്‍വമായ സ്വീകരണമാണ് ലഭിച്ചത്. തിരക്കിട്ട പരിപാടികളില്‍ പങ്കെടുക്കുകയും, നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. അസമിലാണ് ആദ്യമെത്തിയത്. ഗുവാഹതി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഷായ്‌ക്ക് പാരമ്പര്യ രീതിയിലുള്ള വലിയ സ്വീകരണം ലഭിച്ചു. ലോകപ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും, സംസ്ഥാനത്തെ എണ്ണായിരത്തോളം വരുന്ന നാംഗറുകള്‍ എന്നറിയപ്പെടുന്ന വൈഷ്ണവ കേന്ദ്രങ്ങള്‍ക്ക് ഓരോന്നിനും രണ്ടരലക്ഷം രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുവാക്കള്‍ തീവ്രവാദത്തിലേക്ക് തിരിയാതിരിക്കാന്‍ ഭക്തിപ്രസ്ഥാനത്തെ വീണ്ടെടുക്കേണ്ടത് ആവശ്യമാണെന്ന ചിന്തയാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന അസമിലും ബംഗാളിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഷായുടെ സന്ദര്‍ശനത്തിന് രാഷ്‌ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. അസമില്‍നിന്ന് മണിപ്പൂരിലെത്തിയ ഷായ്‌ക്ക് ആവേശകരമായ സ്വീകരണം അവിടേയും ലഭിച്ചു.
സബ് കാ സാഥ,് സബ് കാ വികാസ് എന്ന മുദ്രാവാക്യം ജനകീയമായി മാത്രമല്ല, ഭൂമിശാസ്ത്രപരമായും ഭാരതത്തെ സ്വാധീനിച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി വികസനം എത്താതിരുന്ന രാജ്യത്തിന്റെ ഈ വിദൂരദേശങ്ങള്‍ ആദ്യമായി വികസനത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആറ് വര്‍ഷക്കാലത്തെ ഭരണം സപ്ത സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരുത്തിയ മൗലികമായ മാറ്റങ്ങള്‍ നിരവധിയാണ്. പത്ത് വര്‍ഷം നീണ്ട കോണ്‍ഗ്രസ്സ് ഭരണകാലത്ത് അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ രാഷ്‌ട്രീയ അസ്ഥിരതയുടെയും തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും പിടിയലമര്‍ന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താതെ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള നീക്കങ്ങള്‍ തിരിച്ചടിച്ചു. വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തീവ്രവാദികള്‍ സംസ്ഥാനങ്ങള്‍ക്കുള്ളിലും, സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും ഏറ്റുമുട്ടി. ഇത്തരം തീവ്രവാദ ശക്തികളുമായി ഭരിക്കുന്നവര്‍ ഒത്തുകളിക്കാന്‍ തുടങ്ങിയതോടെ അവര്‍ കൂടുതല്‍ വിലപേശല്‍ നടത്തി. ഇത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയും, പരിഹാരം അസാധ്യമാവുകയും ചെയ്തു. പ്രതീക്ഷകള്‍ അസ്തമിച്ച ഈയൊരു ഘട്ടത്തിലാണ് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യമായി അധികാരത്തില്‍ വന്നത്.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഒന്നിനു പുറകെ ഒന്നായി ഇപ്പോള്‍ അനാവശ്യവിവാദം കുത്തിപ്പൊക്കുന്നതിനു പിന്നില്‍ മുഖ്യമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാജ്യത്തങ്ങോളമിങ്ങോളം ബിജെപി നേടിയിരിക്കുന്ന രാഷ്‌ട്രീയ-ഭരണ സ്വാധീനവും, മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും കഴിയാവുന്നത്ര ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുക. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍കൂടി അധികാരത്തില്‍ തുടരുന്നത് തടയുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ബിജെപിക്ക് ലഭിക്കുന്ന രാഷ്‌ട്രീയ പിന്തുണ വളരെ വലുതാണ്. സിക്കിം അടക്കം ഇവിടുത്തെ എട്ട് സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വം നല്‍കുന്നതോ ബിജെപിക്ക് പങ്കാളിത്തമുള്ളതോ ആയ സര്‍ക്കാരുകളാണ് ഭരണം നടത്തുന്നത്. ഇങ്ങനെയൊരു സ്ഥിതിവിശേഷം ആരും പ്രതീക്ഷിച്ചതല്ല. അസമില്‍ മാത്രമാണ് മുന്‍കാലത്ത് അസം ഗണപരിഷത്തുമായി സഖ്യമുണ്ടാക്കി ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. അവിടെയിപ്പോള്‍ സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മയും നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. വീണ്ടും ബിജെപി സര്‍ക്കാര്‍ തന്നെ ഇവിടെ അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്. പ്രാദേശിക ഭരണസമിതി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേടിയ വിജയം ഇതിന് മുന്നോടിയാണ്. അമിത് ഷായുടെ ഭാഷയില്‍ പറഞ്ഞാല്‍ വികസനത്തിന്റെ പ്രളയം തന്നെ സൃഷ്ടിക്കപ്പെട്ടതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ആയുധം താഴെവച്ച് ദേശീയ മുഖ്യധാരയിലേക്ക് വരുകയാണ്. ചുരുക്കത്തില്‍ ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന തത്വം മോദി ഭരണത്തിന്‍ കീഴില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: