കിഴക്കേകല്ലട: കിഴക്കേകല്ലട പഞ്ചായത്തിലെ താഴം വാര്‍ഡില്‍ നെല്പരകുന്ന് വള്ളക്കടവ് അനാഥാവസ്ഥയിലായിട്ട് മൂന്നരവര്‍ഷമായി. വള്ളക്കടവില്‍ നിന്നും നെല്‍പുരകുന്നിലേക്ക് പോകാന്‍ ദിവസവും നൂറുകണക്കിനുപേര്‍ ആശ്രയിക്കുന്ന വള്ളക്കടവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പഞ്ചായത്ത് നിഷേധിക്കുകയാണ്.
രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ഫെറി സര്‍വീസിന് ആകെ ഒരു വള്ളം മാത്രമാണ് ഉള്ളത്. രണ്ട് വര്‍ഷത്തിലേറെയായി കാത്തിരിപ്പുകേന്ദ്രം തകര്‍ന്നിട്ട്. നാല് ഇരുമ്പൂതൂണുകളിലായി ഷീറ്റ് മേഞ്ഞ കാത്തിരിപ്പുകേന്ദ്രം പൂര്‍ണമായും നിലംപൊത്തിയിട്ടുണ്ട്. സ്ഥലത്തെ പഞ്ചായത്തംഗം സിപിഎം പ്രതിനിധിയായിരുന്നു. ഇദ്ദേഹത്തിന്റെ കടുത്ത അനാസ്ഥയാണ് ഈ ഗതികേടിന് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
അക്കരെയുള്ള നെല്‍പ്പുരകുന്ന് ഗവ. എച്ച്എസ്എസിലേക്ക് നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ നിന്നും പോയി വന്നിരുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണായതോടെ സ്കൂള്‍ അടച്ചു. എന്നാല്‍ ഇവര്‍ക്ക് അടുത്തമാസം മുതല്‍ ക്ലാസ് ആരംഭിക്കുകയാണ്. ഈ ഒരു വള്ളത്തെ ആശ്രയിച്ചാണ് ഇവരുടെ സ്കൂളില്പോക്ക്. കാത്തിരിപ്പുകേന്ദ്രം പോലും ഇത്രും കാലം ശരിയാക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വിജയിച്ചത് ബിജെപി പ്രതിനിധിയായ അമ്പിളി ശങ്കറാണ്. എത്രയും വേഗം ജനങ്ങളുടെ ജീവല്പ്രശ്നമായ വള്ളക്കടവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാണ് മെംബറായ അമ്പിളിശങ്കറിന്റെ ശ്രമം. മഴപെയ്താല്‍ കയറി നില്ക്കാന് പോലും പറ്റാത്ത അവസ്ഥയിലാണ് യാത്രക്കാര്‍. ആവശ്യമായ ഫണ്ട് പഞ്ചായത്ത് അനുവദിക്കാത്ത പക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പാര്‍ട്ടി പഞ്ചായത്തുസമിതി ജനറല്‍ സെക്രട്ടറി പുളിക്കല്‍ രാജേന്ദ്രന് പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: