ലോകജീവിതത്തെ ഒരു സ്വിച്ചിട്ട പോലെ പിടിച്ചു നിര്‍ത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് എന്ന അരൂപിക്ക് മുന്നില്‍ ലോകം പകച്ചുനിന്ന ദിനങ്ങള്‍. അതിവേഗമായിരുന്നു വൈറസ് വ്യാപനം. കൊറോണയ്ക്കെതിരെ പ്രതിരോധത്തിന്റെ ശരിയായ മാതൃക മുന്നിലില്ലാതിരുന്നിട്ടും വൈറസിന്റെ കണ്ണികള്‍ പൊട്ടിക്കാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍ നില്ക്കുന്നു.
ഇതിനിടയില്‍ ഫെബ്രുവരി 24, 25 തിയതികളിലായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഗുജറാത്തിലെ അഹമ്മദാബാദില്‍ നമസ്തേ ട്രംപ് എന്ന് പേരിട്ട പരിപാടി വന്‍ വിജയമായിരുന്നു.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 23 ന് ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിനിടയിലും കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയുടെ പ്രകോപനപരമായ നീക്കങ്ങളോടും ഇന്ത്യക്ക് പ്രതികരിക്കേണ്ടി വന്നു. മെയ് അഞ്ചിനു ശേഷം നിരന്തരമായ പ്രകോപനങ്ങളാണ് അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ സൃഷ്ടിച്ചത്. ജൂണ്‍ 15-16 തിയതികളില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് നടന്ന ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.
രാജ്യത്തിന്റെ മഹത്തായ ഭാവി നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട നയരൂപീകരണത്തിനും 2020 സാക്ഷിയായി. ജൂലൈ 29 നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 ന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയത്. 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോള്‍ രാജ്യം ഉറ്റുനോക്കിയ മറ്റൊരു കേസ് കൂടിയുണ്ട്. അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ ആരോപണ വിധേയരായവര്‍ കുറ്റവിമുക്തരാകുമോ എന്നതായിരുന്നു അത്. 2020 സെപ്തംബര്‍ 20 ന് ആ വിധിയും വന്നു. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമ ഭാരതി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള പ്രത്യേക സിബിഐ കോടതിയുടെ വിധി വന്നു.
2020 ല്‍ രാജ്യത്ത് രണ്ട് സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് നടന്നത്. ഫെബ്രുവരി 8 ന് ദല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 62 സീറ്റുകള്‍ നേടി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തി. ബിജെപി എട്ട് സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് കെട്ടിവച്ച തുകനഷ്ടമായി.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെയുള്ള പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ചുചേര്‍ന്ന് സംഘടിപ്പിക്കുന്നതിനിടയിലാണ് ബീഹാര്‍ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാവില്ല എന്ന വിധിയെഴുത്തുകളെയെല്ലാം നിഷ്പ്രഭമാക്കി ദേശീയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തിലെത്തി. ബിജെപി തനിച്ച് 74 സീറ്റുകള്‍ നേടി. ജെഡിയു 43 ഉം. നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി ഏഴാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കൊറോണയ്ക്ക് പുറമെ പ്രകൃതിക്ഷോഭങ്ങളും ഒഴിയാതെ നിന്ന വര്‍ഷമാണ് കടന്നുപോകുന്നത്. മെയ് 16 നായിരുന്നു ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത്. കിഴക്കന്‍ ഇന്ത്യയേയും ബംഗ്ലാദേശിനേയുമാണ് ഇത് കൂടുതല്‍ ബാധിച്ചത്. തൊട്ടുപിന്നാലെ ജൂണ്‍ രണ്ടിന് നിസര്‍ഗ ചുഴലിക്കാറ്റുമെത്തി. മഹാരാഷ്ട്രയിലാണ് ഇത് കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. ആഗസ്റ്റ് ഏഴിനാണ് മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ 24 പേര്‍ക്ക് ജീവന് നഷ്ടമായത്. നവംബര്‍ 30 നാണ് കേരളത്തിന് ഭീഷണിയുയര്‍ത്തി ബുറേവി ചുഴലിക്കാറ്റ് രൂപപ്പെട്ടത്.
പ്രമുഖരുടെ വേര്പാടുകള്കൊണ്ടും ദുഖാര്ദ്രമാണ് 2020. ബോളിവുഡിലെ രണ്ട് പ്രശസ്ത താരങ്ങളെയാണ് ഏപ്രിലില്‍ നഷ്ടമായത്. 29 ന് ഇര്ഫാന് ഖാനും 30 ന് ഋഷി കപൂറും വിടപറഞ്ഞു. ജൂണ്‍ ഏഴിന് നടന് ചിരഞ്ജീവി സര്‍ജ അന്തരിച്ചു. ജൂണ്‍ പതിനാലിനായിരുന്നു ഏവരേയും ഞെട്ടിച്ചുകൊണ്ട് ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ വിയോഗം. ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ സിബിഐ അന്വേഷണം നടക്കുന്നു.
ആഗസ്റ്റ് ഒന്നിന് പ്രമുഖ രാഷ്ട്രീയ നേതാവ് അമര്‍ സിങ് അന്തരിച്ചു. 31 ന് മുന്‍രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖവുമായിരുന്ന പ്രണാബ് മുഖര്‍ജി വിടവാങ്ങി. ആസ്വാദക ഹൃദയങ്ങളില്‍ സപ്തസ്വരങ്ങളാല്‍ അത്ഭുതം കാട്ടിയ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം സെപ്തംബര്‍ 25 നായിരുന്നു. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് സെപ്തംബര്‍ 27 നും കേന്ദ്രഭക്ഷ്യ മന്ത്രിയായിരുന്ന രാം വിലാസ് പാസ്വാന് ഒക്ടോബര്‍ എട്ടിനും അന്തരിച്ചു. പ്രശസ്ത ബംഗാളി നടനും സംവിധായകനും എഴുത്തുകാരനുമായിരുന്ന സൗമിത്ര ചാറ്റര്‍ജി നവംബര്‍ 15 ന് ഓര്‍മ്മകള്‍ ബാക്കിയാക്കി അരങ്ങൊഴിഞ്ഞു.
രണ്ടായിരത്തി ഇരുപത് കടന്നുപോകുന്നത് ഒട്ടേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയാണ്. ഒരു വൈറസ് മതി ലോകം നിശ്ചലമാകാന്‍ എന്നതാണ് അതില്‍ പ്രധാനം. പ്രകൃതിക്കും അതിലെ ജീവജാലങ്ങള്‍ക്കും ഹാനിവരുത്തിക്കൊണ്ടുള്ള നമ്മുടെ ഓരോ പ്രവര്‍ത്തിക്കും ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരും എന്നും ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യനും പ്രകൃതിയും തമ്മില്‍ ഒത്തിണങ്ങി താളാത്മകമായൊരു ജീവിത രീതി അവലംബിച്ചുകൊണ്ട് സമാധാനപൂര്‍ണ്ണവും ചലനാത്മകവുമായ ജീവിതം നയിക്കാന്‍ വരും വര്‍ഷം സാധിക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: