പി. സുജാതന്‍
രാഷ്ട്രീയം ഡിജിറ്റൈസ് ചെയ്യപ്പെട്ട വര്‍ഷമാണ് പിന്നിടുന്നത്. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും ചെറുതും വലുതുമായ ജാഥകളും പിന്‍വാങ്ങി. ആശയപ്രചാരണത്തിന് അളവറ്റ നിലയില്‍ സാമൂഹിക മാധ്യമത്തെ ഉപയോഗപ്പെടുത്തി. തന്മൂലം പൊതുജനാഭിപ്രായ രൂപീകരണത്തില്‍ നിന്ന് ഗ്രാമങ്ങളിലെ സാധാരണക്കാര്‍ പുറത്തായി. സമകാലിക സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെ ജനങ്ങളില്‍ പകുതിയും ഇരുട്ടില്‍ തപ്പി. ‘വൈ ഫൈ’യും നെറ്റ് വര്‍ക്ക് റീച്ചും സ്മാര്‍ട്ട് ഫോണ്‍ ലഭ്യതയും അനുസരിച്ചുള്ള രാഷ്ട്രീയ വിദ്യാഭ്യാസം പ്രധാനമായും നഗര കേന്ദ്രീകൃതമായി.
കൊവിഡാനന്തര കാലത്ത് ‘വെബനാര്‍’ സര്‍വ സാധാരണമായിരുന്നു. വിദ്യാഭ്യാസം, വ്യാപാരം, രാഷ്ട്രീയം, ഭരണനിര്‍വഹണം എന്നീ കാര്യങ്ങള്‍ക്ക് വിഷ്വല്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ വീടുകളിലിരുന്ന് അധ്യാപകരുടെ ക്ലാസ്സുകള്‍ ശ്രദ്ധിച്ചു. 2020 ജനുവരി മാസം ഒടുവില്‍ ചൈനയില്‍ നിന്ന് മടങ്ങി വന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ കൊവിഡ്-19 ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ കേരളീയ സമൂഹം ഭീതിയിലും ജാഗ്രതയിലും ആയി. ഫെബ്രുവരി മാസം വലിയ കുഴപ്പങ്ങളില്ലാതെ കടന്നുപോയി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറ്റലിയില്‍ നിന്ന് എത്തിയ പത്തനംതിട്ടക്കാരായ ദമ്പതികളിലൂടെ മാര്‍ച്ച് മാസം ആദ്യം മഹാമാരിയുടെ സാമൂഹിക വ്യാപനം കേരളത്തില്‍ നടന്നതായി അനുമാനിക്കപ്പെട്ടു. ആ മാസം 15 ന് ലോക്ഡൗണ്‍ നിലവില്‍ വന്നു. രാജ്യം നിശ്ചലം. കേരളം ശ്മശാനമൂകം. രാഷ്ട്രീയം മാധ്യമ വേദികളിലൊതുങ്ങി. രോഗവ്യാപന നിയന്ത്രണങ്ങളായി എല്ലാവരുടെയും ശ്രദ്ധാ വിഷയം. പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ ആരോഗ്യ പ്രവര്‍ത്തകരോടും പോലീസിനോടും ഏവരും സഹകരിച്ചു.
ഈ സാഹചര്യം ഒരു അവസരമായി ദേശവിരുദ്ധ ശക്തികള്‍ മുതലെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ചില പ്രതിനിധികളുടെ കൂടി ഒത്താശയോടെ യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനല്‍ വഴി തുടര്‍ച്ചയായി സ്വര്‍ണ കള്ളക്കടത്തു നടന്നതായി എയര്‍പോര്‍ട്ട് കസ്റ്റംസ് കണ്ടുപിടിച്ചു. പ്രതികളില്‍ ചിലര്‍ പിടിയിലായി. രാജ്യത്തെ പ്രധാനപ്പെട്ട കുറ്റാന്വേഷണ ഏജന്‍സികളെല്ലാം തുടര്‍ച്ചയായി കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥിതി ഉണ്ടായി. കൊവിഡ് ചികിത്സാ വിവരങ്ങള്‍ ചോര്‍ത്തിയതടക്കം പിണറായി വിജയന് സര്‍ക്കാര്‍ അനേകം അഴിമതിയാരോപണങ്ങള്‍ക്ക് ഒന്നൊന്നായി വിധേയമാകുന്ന ദയനീയ കാഴ്ചയാണ് ജനങ്ങള്‍ മാധ്യമങ്ങളിലൂടെ നിത്യവും കണ്ടത്. ഇടതു സര്‍ക്കാരിന്റെ കരാര്‍ നിയമനങ്ങള്‍ക്കു പിന്നില്‍ സ്വജനപക്ഷപാതവും അഴിമതിയും നിഴലിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നോക്കുകുത്തിയായി. ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിക്കപ്പെട്ടു. സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ യുവതി അടക്കം അനേകം അയോഗ്യര്‍ സര്‍ക്കാരിന്റെ ഒത്താശയില്‍ മുന്തിയ ഉദ്യോഗങ്ങളില്‍ നിയമനം നേടിയത് ആശ്ചര്യത്തോടെ കേരളം കണ്ടു.
കൊവിഡ് നിയന്ത്രണ കാലമായതിനാല്‍ ഇടതു സര്‍ക്കാരിന്റെ നെറികെട്ട നടപടികള്‍ വേണ്ടവിധം സാമാന്യജനങ്ങളിലെത്തിയില്ല. ഇടതു പ്രവര്‍ത്തകരുടെ സുസംഘടിതമായ പ്രചാര വേലകള്‍ സാമാന്യ ജനങ്ങള്‍ക്കിടയില്‍ വസ്തുതകള്‍ തിരിച്ചറിയാനാകാത്ത അവസ്ഥ സൃഷ്ടിച്ചു. വര്‍ഷാവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത മുന്നേറ്റം നടത്താന്‍ കൊവിഡ് നിയന്ത്രണ കാലം ഉപകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: