എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജനുവരി 11ന് നടക്കുന്ന പ്രധാന ആചാരാനുഷ്ഠാനമായ അമ്പലപ്പുഴ, ആലങ്ങാട് ദേശക്കാരുടെ എരുമേലി പേട്ടതുള്ളലിന് കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. രണ്ട് പേട്ടതുള്ളല്‍ സംഘത്തിലും 50 പേര്‍ക്ക് പങ്കെടുക്കാം. സംഘത്തില്‍ 60 വയസ്സിനു മുകളിലുള്ള ഒരാള്‍ക്ക് പെരിയസ്വാമിയായി പങ്കെടുക്കാം. ബാക്കിയുള്ളവര്‍ 60 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. എല്ലാവരും മാസ്ക്കുകള്‍ ധരിച്ച് സാമൂഹിക അകലം പാലിക്കണം. പേട്ടതുള്ളലിന് ഒരു ആനയെ എഴുന്നള്ളത്തിനായി ഉപയോഗിക്കാം. വര്‍ഷങ്ങളായി പേട്ടതുള്ളല്‍ സംഘങ്ങള്‍ സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാതയിലൂടെ യാത്ര ഇത്തവണയും അനുവദിക്കും.
എരുമേലിയില്‍ പത്താം തീയതി എത്തുന്ന പേട്ടതുള്ളല്‍ സംഘങ്ങള്‍ അവരുടെ ലിസ്റ്റുകള്‍ ഐഡി കാര്‍ഡുകള്‍ സഹിതം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണം. കൊറോണ ടെസ്റ്റിനായുള്ള ആന്റിജന്‍ പരിശോധന നടത്തണം. എന്നാല്‍ 15ന് ഇവര്‍ ശബരിമല സന്നിധാനത്ത് എത്തുന്നതിനു മുമ്പ് ആര്‍റ്റിപിസിആര്‍ ടെസ്റ്റ് വീണ്ടും നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.
ടെസ്റ്റുകള്‍ക്ക് ആവശ്യമായ തുക സംഘാംഗങ്ങള്‍ തന്നെ മുടക്കണം. എരുമേലിയില്‍ അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങള്‍, പോലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, റവന്യൂ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എസ്. രവി, കമ്മീഷണര്‍ ബി.എസ്. തിരുമേനി, ഡെപ്യൂട്ടി കമ്മീഷണര്‍ വി. കൃഷ്ണകുമാര്‍ വാര്യര്‍, അസി. കമ്മീഷണര്‍ ഒ.ജി. ബിജു, അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: