കൊല്ലം: പതിറ്റാണ്ടായി കൊല്ലം പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ചിരുന്ന വാര്‍ഷിക പുസ്തകോത്സവം ഇത്തവണയുമില്ല. കഴിഞ്ഞതവണ സെന്റ് അലോഷ്യസ് സ്കൂലിലായിരുന്നുവെങ്കില് ഇത്തവണ തേവള്ളി ബോയ്സ് എച്ച്എസ്എസ് ഗ്രൗണ്ടിലാണ് മേള. അഞ്ചുവര്‍ഷമായി മേളകള്‍ പബ്ലിക് ലൈബ്രറിക്ക് അന്യമാകുകയാണ്. ഇന്നുമുതല്‍ ഒരാഴ്ച നീളുന്ന മേളയില്‍ 42 പ്രസാധകരാണ് പങ്കെടുക്കുന്നത്.
പബ്ലിക് ലൈബ്രറി കേന്ദ്രമാക്കിയുള്ള പുസ്തകോത്സവം നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അക്ഷരസ്നേഹികളുടെ സംഗമനേരം കൂടിയായിരുന്നു. സാംസ്കാരികസായാഹ്നങ്ങളും കലാപരിപാടികളും ഇതിന് മാറ്റുകൂട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രസാധകരും ജില്ലാലൈബ്രറി വികസനസമിതിയും പൗരപ്രമുഖരും അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയും തുടക്കം മുതല്‍ പുസ്തകോത്സവം വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്നിച്ചിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് അനേകംപേരാണ് മുന്‍കാലങ്ങളില്‍ പബ്ലിക് ലൈബ്രറിയിലെ പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്.
2015 മുതല്ക്കാണ് പുസ്തകോത്സവം പബ്ലിക് ലൈബ്രറിക്ക് പുറത്തേക്ക് പോയത്. പബ്ലിക് ലൈബ്രറിയുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാതെ പോയതും അനുബന്ധമായുണ്ടായ പ്രശ്നങ്ങളുമാണ് പുസ്തകോത്സവം പുറത്തേക്ക് പോകാനുണ്ടായ പ്രധാനകാരണമെന്ന് പുസ്തകസ്നേഹികള്‍ പറയുന്നു. അന്ന് ജില്ലാ ലൈബ്രറി വികസനസമിതിയുടെ നേതൃത്വത്തിലാണ് മേള നടന്നത്.
അതേസമയം പബ്ലിക് ലൈബ്രറിയില്‍ നിരവധി കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും പ്രസാധകരുടെയും സന്ദര്‍ശകരുടെയും വര്‍ധനവാണ് മറ്റൊരു സ്ഥലത്തെ പറ്റി ചിന്തിക്കാന്‍ കാരണമായതെന്നും മറുപക്ഷമുണ്ട്. മുപ്പതില്‍ നിന്നും നൂറിലേക്ക് പ്രസാധകരുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ക്കെല്ലാം ആവശ്യത്തിനുള്ള ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പബ്ലിക് ലൈബ്രറി പരാജയപ്പെട്ടു.
ഇന്ന് പുസ്തകോത്സവം ആരംഭിക്കുന്ന തേവള്ളിയിലെ സ്കൂള്‍ ഗ്രൗണ്ടിന് അക്കിത്തം നഗര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പുസ്തകോത്സവത്തിലേക്ക് എത്രമാത്രം ജനപങ്കാളിത്തമുണ്ടാകുമെന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: