കൊല്‍ക്കത്ത: ബംഗാളിലെ ജനങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ക്ഷുഭിതരാണെന്നും അവര്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിര്‍ഭും ജില്ലയിലെ ബോല്‍പുരില്‍ നടന്ന റോഡ് ഷോയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതുപോലൊരു റോഡ് ഷോ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബംഗാളിലെ ജനങ്ങള്‍ക്കുള്ള വിശ്വാസവും സ്നേഹവുമാണ് ഇത് കാണിക്കുന്നത്. ബംഗാളിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ബംഗാള്‍ ജനതയ്ക്ക് മമതാ ബാനര്‍ജിയോടുള്ള ദേഷ്യമാണ് റോഡ് ഷോ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ അക്രമ രാഷ്ട്രീയവും കവര്‍ച്ചയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റവും അവസാനിക്കാനായാണ് ജനം ഭരണമാറ്റം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ കാഹളമായിട്ടാണ് പല പാര്‍ട്ടി നേതാക്കളും റോഡ് ഷോയെ വിശേഷിപ്പിച്ചത്. ഡക്ബംഗ്ലോ മൈതാനത്തുനിന്ന് ഉച്ചതിരിഞ്ഞ് 3.10ന് ആരംഭിച്ച റോഡ് ഷോ ബോല്പുര് ചൗരസ്ത മൊരേയില് അവസാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനൊപ്പം ലോറിക്ക് മുകളില്‍ നിന്നുകൊണ്ടാണ് അമിത് ഷാ റോഡ് ഷോ നടത്തിയത്.
ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം വിളിച്ചതിനൊപ്പം മോദി, അമിത് ഷാ എന്നിവര്‍ക്കായി മുദ്രാവാക്യങ്ങളും മുഴക്കി. നൂറികണക്കിന് ആളുകളാണ് അമിത് ഷാ സഞ്ചരിച്ച ഇരുവശത്തുമായി നിലയുറപ്പിച്ചു അഭിവാദ്യം അര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: