കുന്നത്തൂര്‍: കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ ആര്‍എസ്പി ലെനിനിസ്റ്റിന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായില്ല. ആര്എസ്പിയില് നിന്ന് പിളര്‍ന്ന് എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്ന് കുന്നത്തൂരില്‍ നിന്ന് എംഎല്‍എ ആയ ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലെനിനിസ്റ്റിന് മത്സരിക്കാനായി വാര്‍ഡുകളും ഒരോ ബ്ലോക്ക് – ജില്ലാ ഡിവിഷനുകളും നല്‍കിയിരുന്നു. എന്നാല്‍ ഒരു വാര്‍ഡിലൊഴികെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.
കോവൂര്‍ കുഞ്ഞുമോന്റെ വീട് നില്ക്കുന്ന വാര്‍ഡിലും പഞ്ചായത്തിലും എല്‍ഡിഎഫിനും ലെനിനിസ്റ്റിനും ദയനീയ തോല്‍വിയാണ് സംഭവിച്ചത്. എംഎല്‍എയുടെ വാര്‍ഡായ മൈനാഗപ്പള്ളി പന്ത്രണ്ടാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി പരാജയം ഏറ്റുവാങ്ങി.
ചവറ ജില്ലാ ഡിവിഷനില്‍ ലെനിനിസ്റ്റ് നേതാവ് ശ്യാം പള്ളിശേരിക്കല്‍ ആര്‍എസ്പി സ്ഥാനാര്‍ഥി ടി.പി. സുധീഷ് കുമാറിനോട് അടിയറവ് പറഞ്ഞു. വന്‍ ഭൂരിപക്ഷത്തിലാണ് സുധീഷ് കുമാര്‍ ഇവിടെ ജയിച്ചത്. ശാസ്താംകോട്ട ബ്ലോക്ക് ഡിവിഷനിലും ലെനിനിസ്റ്റ് സ്ഥാനാര്‍ഥി തോറ്റു.
നിലവില്‍ മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റും ലെനിസ്റ്റ് നേതാവുമായ ബി. രഘുനാഥന്‍പിള്ള ആറാം വാര്‍ഡില്‍ പരാജയം ഏറ്റുവാങ്ങി. നാലാം വാര്‍ഡില്‍ മത്സരിച്ച ലെനിനിസ്റ്റ് 96 വോട്ടുമായി ആറാം സ്ഥാനത്തായി. ശൂരനാട് വടക്ക് പഞ്ചായത്തിലെ വാര്‍ഡ് 11 പെരുങ്കുളത്തും ലെനിനിസ്റ്റ് തോറ്റു.
ശൂരനാട് തെക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലും തോല്‍വിയായിരുന്നു ഫലം. ലെനിനിസ്റ്റിന് ഒട്ടും സ്വാധീനമില്ലാത്ത പോരുവഴി ഇടയ്ക്കാട്ടിലാണ് ഒരു സീറ്റ് വിജയിക്കാനായത്. അതാകട്ടെ സിപിഎം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിയും. എംഎല്‍എ ഉണ്ടെങ്കിലും സംഘടനാ സംവിധാനങ്ങളില്ലാത്തതാണ് ലെനിനിസ്റ്റിന്റെ ദയനീയ തോല്‍വിക്ക് കാരണമായി നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: