പണികളെല്ലാം കഴിഞ്ഞ് താടിക്കാരനായ ഒരാത്മാവ് പരലോകത്തെത്തി.കവാടത്തില്‍ ലൂസിഫറും സെയിന്റ് പീറ്ററും ഉണ്ടായിരുന്നു.സെയിന്റ് പീറ്റര്‍ ചോദിച്ചു: പേരു്?
”കാറല്‍ മാര്‍ക്സ്”
സെയിന്റ് പീറ്റര്‍: ”ഓ….! ആ നിരീശ്വരവാദിയായ കാറല്‍ മാര്‍ക്സ്, അല്ലേ? സെയിന്റ് പീറ്റര്‍ ലൂസിഫറുടെ നേരെ തിരിഞ്ഞു: ”ഇയാളെ വേഗം നരകത്തിലേക്ക് കൊണ്ടുപോകൂ.”
ലൂസിഫര്‍ മാര്‍ക്സിനെ നരകത്തിലേക്ക് കൊണ്ടു പോയി.
ഒരു മാസം കഴിഞ്ഞ്, സെയിന്റ് പീറ്ററെ കാണാന്‍ തകര്‍ന്ന മനസ്സും ഒടിഞ്ഞ കൊമ്പുമായി ലൂസിഫര്‍ വന്നു. കാര്യം തിരക്കിയപ്പോള്‍ ലൂസിഫര്‍ പറഞ്ഞു: ”ഇനി ഒരു നിമിഷം പോലും നരകത്തില്‍ ഞാന്‍ നില്‍ക്കില്ല. മാര്‍ക്സ് മഹാ കുഴപ്പക്കാരനാണ്. അയാള്‍ എനിക്കെതിരെ നരകവാസികളെ മുഴുവന്‍ സംഘടിപ്പിച്ച് സമരമാരംഭിച്ചിരിക്കുന്നു. അവിടെ എസി വേണമെന്നും പീഡനാനന്തരം ഉഴിഞ്ഞു സുഖപ്പെടുത്താനുള്ള സംവിധാനം ഉടന്‍ ഉണ്ടാക്കണമെന്നുമാണ് അവരുടെ ഡിമാന്റ്. ഞാനെന്തു ചെയ്യും? അയാളവിടെയുള്ളിടത്തോളം നരകം ഇനി പഴയതാവില്ല. അതു കൊണ്ട് ആ നിരീശ്വരവാദിയെ ഒരു മാസത്തേക്ക് സ്വര്‍ഗ്ഗത്തിലേക്ക് മാറ്റണം. എങ്കിലേ എനിക്ക് നരകം പഴയതുപോലെ ആക്കാനാവൂ.”
സെയിന്റ് പീറ്റര്‍ പറഞ്ഞു: ”ഒരിക്കലും അതു പറ്റില്ല. അവിടെ പുണ്യവാളന്മാരും മാലാഖമാരും ദൈവം തമ്പുരാനും ഉള്ളയിടമാണ്. അവിടെ എങ്ങനെ ഒരു നിരീശ്വരവാദിയെ പാര്‍പ്പിക്കും?”
ലൂസിഫര്‍: ”ലോകാവസാനം വരെ നാം സുഹൃത്തുക്കളായിരിക്കേണ്ടവരാണ്. ആ സൗഹൃദം ഓര്‍ത്തെങ്കിലും നിങ്ങള്‍ ഈ അപേക്ഷ സ്വീകരിക്കണം.”
സെയിന്റ് പീറ്റര്‍ ഒടുവിലതിന് വഴങ്ങി. മാര്‍ക്സിനെ ഒരു മാസത്തേക്ക് നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോയി.
അടുത്ത മാസം സെയിന്റ് പീറ്ററും ലൂസിഫറും കണ്ടുമുട്ടി.
ലൂസിഫര്‍: ”നമ്മുടെ മാര്‍ക്സ് എങ്ങനെയിരിക്കുന്നു?”’
സെയിന്റ് പീറ്റര്‍: ”എല്ലാ ദിവസവും ഞങ്ങള്‍ സംസാരിക്കാറുണ്ട്. വളരെ മാന്യനാണദ്ദേഹം. ഒരു പ്രശ്നവും അയാള്‍ ഉണ്ടാക്കുന്നില്ല.”
ലൂസിഫര്‍: ”നമ്മുടെ ദൈവം തമ്പുരാന് പുള്ളിയെപ്പറ്റി എന്തു പറയുന്നൂ?”
സെയിന്റ് പീറ്റര്‍ പതുക്കെയൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു: ”ദൈവം ഒരു ബൂര്‍ഷ്വാ സങ്കല്പ്പമാണെടോ സഖാവേ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: