ആലപ്പുഴ: തദ്ദേശ തെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വിവാദ പ്രസംഗം നടത്തി ഹരിപ്പാടു നഗരസഭയില്‍നിന്ന് വിജയിച്ച സിപിഎം സ്ഥാനാര്‍ഥി എസ് കൃഷ്ണകുമാര്‍. ഈ പ്രദേശത്തെ ഒരോ വീട്ടുകാരും അവരുടെ പുരയിടത്തില്‍നിന്ന് ഒരു കാല് റോഡിലേക്ക് വയ്ക്കുമ്പോള്‍ കൃഷ്ണകുമാറിന്റെ നെഞ്ചത്തല്ല, കൃഷ്കുമാര്‍ ഉണ്ടാക്കിയ റോഡിലേക്കാണ് കാലുവയ്ക്കുന്നതെന്ന ചിന്ത നന്നായിരിക്കുമെന്ന് പറഞ്ഞാണ് പ്രസംഗത്തിന്റെ തുടക്കം. വിവാദ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
ഈ കമ്മ്യൂണിസ്റ്റുകാരന് കൊണ്ടുവന്ന പൈപ്പ് ലൈനിലെ വെള്ളം കുടിക്കുമ്പോള്‍ നന്ദിയോടുകൂടി കുടിക്കണമെന്നാണ് അടുത്ത ഡയലോഗ്. ആ വെള്ളം തൊണ്ടയില്‍നിന്ന് ഇറങ്ങുമ്പോള്‍ ‘ഹരേ റാം ഹരേ റാം’ എന്ന് പറയുന്നതിന് പകരം ‘ഹരേ കൃഷ്ണകുമാര്‍’ എന്ന് നിങ്ങള്‍ ഉച്ഛരിക്കാന്‍ പഠിക്കണമെന്നും പ്രാദേശിക നേതാവ് ജനങ്ങളോട് ആവശ്യപ്പെടുന്നു.
അഹങ്കാരമാണെന്ന് അറിഞ്ഞുകൊണ്ടാണ് താന്‍ ഇത് പറയുന്നത്. വരുന്ന അഞ്ചുവര്‍ഷം താന്‍ ഈ പ്രദേശത്തെ മുഴുവന്‍ പേരുടെയും കൗണ്‍സിലര്‍ ആയിരക്കില്ലെന്ന് ഇന്നലത്തെ മഴയില്‍ കുരുത്ത ഒരു തകരയ്ക്കുവേണ്ടി സ്വന്തം കൂടപ്പിറപ്പിനെ തള്ളിപ്പറഞ്ഞ പരിഷകള്‍ ഓര്‍ത്തുകൊള്ളണമെന്നും ഇദ്ദേഹം ജനങ്ങളോട് പറയുന്നു.
രണ്ടായിരത്തില്‍ താനിവിടെ പഞ്ചായത്ത് അംഗമായപ്പോള്‍ ഈ പ്രദേശത്തിന്റെ മുഴുവന്‍ പഞ്ചായത്തംഗമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. 2005-ല്‍ വീണ്ടും തെരഞ്ഞടുക്കപ്പെട്ടപ്പോഴും പ്രദേശത്തെ മുഴുവന്‍ ആളുകളെ ഉള്‍ക്കൊള്ളാനും തയ്യാറായി. എല്ലാവരെയും ഒരുമിപ്പിച്ച് ഈ പ്രദേശത്തിന് വേണ്ടി കൃഷ്ണകുമാര്‍ കൊണ്ടുവന്നതല്ലാതെ ഒരു ഉടയതമ്പുരാനും ഒരു ചുക്കും കൊണ്ടുവന്നിട്ടില്ലെന്ന ഓര്മ ഓരോ നിമിഷവും മനസിലുണ്ടായിരിക്കണെന്നും നിയുക്ത കൗണ്‍സിലര്‍ വോട്ടമാര്മാരോട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: