മൂന്നാര്‍: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കരുത്ത് തെളിയിച്ച് എന്‍ഡിഎ. ഇടത് മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്‍ഡിഎ നാലിടത്ത് വിജയിച്ചു, അഞ്ചിടത്ത് രണ്ടാമതെത്തി. രണ്ട് വാര്‍ഡില്‍ തോറ്റത് വെറും ഒന്നും മൂന്നും വോട്ടിന്. ഇതോടെ പഞ്ചായത്തിലെ പ്രതിപക്ഷമായി മാറിയിരിക്കുകയാണ് എന്‍ഡിഎ.
2010ല്‍ മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് വിഭജിച്ച് ഉണ്ടാക്കിയ ഇടമലക്കുടി പഞ്ചായത്തില്‍ ആകെയുള്ളത് 13 വാര്‍ഡാണ്. ഇതില്‍ അവസാന വാര്‍ഡുകളിലാണ് താമര ചിഹ്നത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് ഇവിടെ പാര്‍ട്ടി നേടിയിരുന്നു.
വാര്‍ഡ് പത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവികുമാര്‍ 40 വോട്ട് നേടിയപ്പോള്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ 18 വീതം വോട്ട് നേടി. 11ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കാമാക്ഷി 39 വോട്ട് നേടി ജയിച്ചു. ഇടത്-24, വലത്-27 എന്നിങ്ങനെയാണ് വോട്ട് നേടിയത്. 12ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സെല്‍വരാജ് 50 വോട്ട് നേടിയപ്പോള്‍ വലത് -25, ഇടത്- 20 വോട്ടും നേടി.
13ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷണ്മുഖം ആര്.പി. 59 വോട്ട് നേടിയപ്പോള്‍ വലത് സ്ഥാനാര്‍ത്ഥി 55 ഉം ഇടത് സ്ഥാനാര്‍ത്ഥി 17ഉം വീതം വോട്ടും നേടി. 2, 3, 7, 8, 9 വാര്‍ഡുകളിലാണ് രണ്ടാമത്തെത്തിയത്. ഇതില്‍ മൂന്നാം വാര്‍ഡില്‍ ഒരു വോട്ടിനാണ് തോറ്റത്. 43 വോട്ട് യുഡിഎഫ് നേടിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിമലവതി 42 വോട്ട് നേടി. വാര്‍ഡ് എട്ടില്‍ 36 വോട്ട് നേടി യുഡിഎഫ് ജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിന്ദു കലിംഗമുത്തു 33 വോട്ട് നേടി.
24 ഉരുകളിലായി 800 കുടുംബങ്ങളുള്ള പഞ്ചായത്തില്‍ ആകെ 1887 വോട്ടാണുള്ളത്. ഇവിടേക്ക് വേണ്ട കേന്ദ്ര പദ്ധതികളെത്തിക്കാനും അവ ഗുണകരമായി നടപ്പിലാക്കാനും മുന്‍കൈ എടുക്കുമെന്ന് ഇടമലക്കുടിയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ ജന. സെക്രട്ടറി സുരേഷ് വി.എന്‍. പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്കിയ പല പദ്ധകളുടേയും ഗുണം പാവപ്പെട്ട വനവാസികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇവയെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നാല് സീറ്റില്‍ ജയിച്ചപ്പോള്‍ എല്‍ഡിഎഫ് മൂന്ന് സീറ്റും നേടി. ആദ്യ തവണ യുഡിഎഫ് ഭരിച്ച ഇവിടെ കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: