കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എന്‍ഡിഎ ഏഴു സീറ്റുകള്‍ നിലനിര്‍ത്തി. മൂന്ന് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുകയും നാലു സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുക്കുകയുമായിരുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി. ബാബുരാജ് എന്നിവര്‍ വിജയിച്ച സീറ്റുകളും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തവയില്‍പെടും.
കാരപ്പറമ്പ് വാര്‍ഡിലെ സിറ്റിങ് കൗണ്‍സിലര്‍ നവ്യ ഹരിദാസ് 487 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിറ്റിങ് വാര്‍ഡായ മീഞ്ചന്തയില്‍ രമ്യ സന്തോഷും ചേവരമ്പലത്ത് സരിത പറയേരിയും വിജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത പുതിയറ വാര്‍ഡില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൂടിയായ ടി. രനീഷ് മിന്നുന്ന ജയമാണ് നേടിയത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡായ ചക്കരോത്ത്കുളത്ത് അനുരാധ തായാട്ടും അത്താണിക്കല്‍ വാര്‍ഡില്‍ മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. സത്യഭാമയും ഈസ്റ്റ്ഹില്‍ വാര്‍ഡില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ശിവപ്രസാദും വിജയിച്ചു. നാല് സിറ്റിങ് വാര്‍ഡുകള്‍ എന്‍ഡിഎക്ക് നഷ്ടമായി. 22 വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തി.
ജില്ലയിലും തിളക്കം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് തിളക്കമാര്‍ന്ന വിജയം. കഴിഞ്ഞ തവണ 27 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 34 ആയി ഉയര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏഴു സീറ്റുകളും വടകര മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകളും നേടി. കഴിഞ്ഞ തവണ രണ്ട് സീറ്റാണ് വടകരയില്‍ ലഭിച്ചത്. ഒരു സീറ്റ് സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തു. കൊയിലാണ്ടിയില്‍ മൂന്നും മുക്കം മുനിസിപ്പാലിറ്റിയില്‍ രണ്ടും സീറ്റുകള്‍ നേടി. ഇതില്‍ ഓരോ സീറ്റുകള്‍ രണ്ടിടങ്ങളിലും സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തതാണ്.
ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റ് നിലനിര്‍ത്തി. പയ്യോളി മുനിസിപ്പാലിറ്റിയില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടി. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 17 സീറ്റുകള്‍ എന്‍ഡിഎക്ക് ലഭിച്ചു. കഴിഞ്ഞ തവണ 14 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഉണ്ണികുളം പഞ്ചായത്തില്‍ മൂന്നും ചെങ്ങോട്ട്കാവ്, കുന്ദമംഗലം എന്നിവിടങ്ങളില്‍ രണ്ടു വീതം സീറ്റുകളും, ചാത്തമംഗലം, ഒളവണ്ണ, പെരുവയല്‍, ചേമഞ്ചേരി, അഴിയൂര്‍, ബാലുശ്ശേരി, അത്തോളി, കായണ്ണ, നന്മണ്ട പഞ്ചായത്തുകളില്‍ ഓരോ സീറ്റുകളുമാണ് എന്‍ഡിഎക്ക് ലഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വീട് ഉള്‍ക്കൊള്ളുന്ന അത്തോളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബൈജു കൂമുള്ളിയാണ് ജയിച്ചത്. ആദ്യമായിട്ടാണ് ഇവിടെ ബിജെപിയുടെ ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: