തൃശൂര്‍: വോട്ടിങ് മെഷിന് പണി മുടക്കിയത് ചിലയിടത്ത് വോട്ടര്‍മാരെ ദുരിതത്തിലാക്കി. പരിശോധന കഴിഞ്ഞ് പോളിങ് ബൂത്തിലെത്തിച്ച വോട്ടിങ് മെഷീനുകള്‍ ഇന്നലെ രാവിലെ വോട്ടിങ് ആരംഭിച്ചപ്പോള്‍ പണി മുടക്കുകയായിരുന്നു. ഇതോടെ വോട്ടര്‍മാരോടൊപ്പം പോളിങ് ഉദ്യോഗസ്ഥരും വലഞ്ഞു.
ചിലയിടത്ത് വളരെ പെട്ടെന്നും മറ്റിടങ്ങളില്‍ മണിക്കൂറുകള്‍ക്ക് ശേഷവും തകരാര്‍ പരിഹരിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. ചേലക്കര പങ്ങാരപിള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ ബൂത്തില്‍ വോട്ടിങ് മെഷീന് തകരാറിലായി. രാവിലെ എട്ടു മുതല്‍ 9.30 വരെ വോട്ടിങ് തടസപ്പെട്ടു. മെഷീന് മാറ്റി സ്ഥാപിച്ചതിനു ശേഷമാണ് പോളിങ് പുനരാരംഭിച്ചത്.
തിരുവില്വാമല എരവത്തൊടി സ്കൂളിലെ ബൂത്തില്‍ ഒന്നര മണിക്കൂറോളം വോട്ടിങ് തടസപ്പെട്ടു. ഉച്ച തിരിഞ്ഞ് ഒരു മണിക്ക് നൂറുകണക്കിന് വോട്ടര്‍മാര്‍ വരിയില്‍ നില്‍ക്കുമ്പോഴായിരുന്നു യന്ത്രം പണിമുടക്കിയത്. ഒന്നര മണിക്കൂറിനു ശേഷം രണ്ടോടെ മെഷീന്റെ തകരാര്‍ പരിഹരിച്ചാണ് പോളിങ് പുനരാരംഭിച്ചത്.
മണ്ണംപേട്ട മാതാ സ്കൂളിലെ രണ്ടു ബൂത്തുകളിലും ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്മാത സ്കൂളിലെ ബൂത്തിലും വോട്ടിങ് മെഷീന് തകരാറിലായി, ഒന്നര മണിക്കൂര്‍ പോളിങ് നിലച്ചു. മാള വടമ സിവില്‍ സ്റ്റേഷന് ബൂത്തിലെ കണ്ട്രോള് യൂണിറ്റ് രാവിലെ വോട്ടിങ് ആരംഭിച്ച് അധികം വൈകാതെ തകരാറിലായി. ഇതേ തുടര്‍ന്ന് ഒന്നര മണിക്കൂറുകളോളം വോട്ടിങ് നിര്‍ത്തിവെച്ചു. കണ്ട്രോള് യൂണിറ്റ് മാറ്റി സ്ഥാപിച്ച ശേഷം പോളിങ് വീണ്ടും തുടങ്ങി.
മെഷിന് തകരാറിലായതിനെ തുടര്‍ന്ന് കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെ ബൂത്തില്‍ രാവിലെ ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. കുഴൂര്‍ തെക്കന്‍ താണിശേരി സെന്റ് സേവ്യേഴ്സ് ചര്‍ച്ചിലെ ബൂത്ത്, മെറ്റ്സ് എഞ്ചിനീയറിങ് കോളേജിലെ ബൂത്ത് എന്നിവിടങ്ങളിലും വോട്ടിങ് മെഷീന് പണിമുടക്കി.
എരുമപ്പെട്ടി കടങ്ങോട് പത്താംവാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലും പാമ്പാടി ഗവ.വിഎച്ച്എസ്എസിലെ ബൂത്തിലും എസ്ഡിഎ സ്കൂളിലെ ബൂത്തിലും തൃക്കൂര് ആലേങ്ങാട് ശങ്കര യുപി സ്കൂളിലെ ബൂത്തിലും പുത്തൂര്‍ ഗവ.സ്കൂളിലും മുരിങ്ങൂര്‍ വല്ലംചിറ സ്കൂള്‍ ബൂത്തിലും യന്ത്രം തകരാറിലായി. വോട്ടിങ് മെഷീന് മാറ്റി വെച്ചാണ് ഇവിടെയെല്ലാം പോളിങ് പൂനരാരംഭിച്ചത്.
പുതുക്കാട് സെന്റ് ആന്റണീസ് സ്കൂളിലെ ബൂത്തില്‍ യന്ത്രം തകരാറിലായി ഒരു മണിക്കൂര്‍ വോട്ടിങ് തടസപെട്ടു. മുപ്ലിയം കന്നാട്ടുപാടം ഒമ്പതാം വാര്‍ഡിലെ വോട്ടിങ് മെഷിന്റെ കണ്ട്രോള് യൂണിറ്റ് തകരാറിലായതിനെ തുടര്‍ന്ന് വോട്ടിങ് തടസപ്പെട്ടു. പിന്നീട് കണ്ട്രോള് യൂണിറ്റ് മാറ്റിവെച്ച ശേഷം വോട്ടിങ് പുനരാരംഭിച്ചു. നാഡിപ്പാറ സ്കൂളിലും വോട്ടിങ് മെഷീന് തകരാറിലായി വോട്ടിങ് ഏറേ നേരം തടസപ്പെട്ടു. ചാഴൂര്‍ ആലപ്പാട് എല്‍പി സ്കൂളിലെ വോട്ടിങ് മെഷീന് തകരാറിലായി. രാവിലെ 10 പേര് വോട്ട് ചെയ്തതിന് ശേഷമായിരുന്നു സംഭവം. തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചെങ്കിലും താമസിയാതെ യന്ത്രം വീണ്ടും പണി മുടക്കി. തകരാര്‍ പരിഹരിച്ച് അര മണിക്കൂറിന് ശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്.
മെഷീന് തകരാറിലായതിനെ തുടര്‍ന്ന് ചാലക്കുടി നിര്‍മ്മല കോളേജിലും മോതിരക്കണ്ണി എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലും ഒന്നര മണിക്കൂറോളം വോട്ടിങ് നിലച്ചു. മെഷീന് തകരാറിലായതിനെ തുടര്‍ന്ന് വടക്കാഞ്ചേരി അമ്പലപുരം ദേശവിദ്യാലയത്തിലെ ബൂത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ പോളിങ് തടസപെട്ടു. തകരാര്‍ പരിഹരിച്ച് പിന്നീട് വോട്ടിങ് പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: