ആയുര്‍വേദത്തില്‍ അസുഖങ്ങള്‍ക്ക് അനുസൃതമായി പ്രത്യേകവിധി പ്രകാരമാണ് തൈലം തയ്യാറാക്കുന്നത്. ഉള്ളില്‍ കഴിക്കുവാന്‍, ഒടിവ് ചതവുകള്‍ക്ക്, തടവാനുള്ളത്, ഉറക്കത്തിന്, ശിരോരോഗങ്ങള്‍ക്ക്, മുറിവുകള്‍ക്ക്, കുട്ടികള്‍ക്കുള്ള തൈലങ്ങള്‍ ഇവയുടെയെല്ലാം നിര്‍മാണ വിധി വ്യത്യസ്തമാണ്. തൈലമുണ്ടാക്കുമ്പോള്‍ കല്‍ക്കമാണ് ചേര്‍ക്കുന്നതെങ്കില്‍ ഉപയോഗിക്കുന്ന എണ്ണയുടെ നാലിലൊന്ന് ചേര്‍ക്കണം.
പാലാണ് ചേര്‍ക്കുന്നതെങ്കില്‍ എണ്ണയുടെ ഇരട്ടി ചേര്‍ക്കണം. കഷായമെങ്കില്‍ നാലിരിട്ടിയും ഇടിച്ചു പിഴിഞ്ഞ ചാറാണെങ്കില്‍ ആറിരട്ടിയും ശുദ്ധജലമാണെങ്കില്‍ എട്ടിരട്ടിയും ചേര്‍ക്കണം.
തൈലങ്ങളുടെ പാകവിധിയും വ്യത്യാസപ്പെട്ടിരിക്കും. ഒടിവ്, ചതവ്, ഉറക്കമില്ലായ്മ, മാനസിക വിഭ്രാന്തി എന്നിവയ്‌ക്കുണ്ടാക്കുന്ന തൈലം മെഴുകുപാകത്തിലാണ് ഉണ്ടാക്കേണ്ടത്. തലയില്‍ തേയ്‌ക്കാനുള്ളവ അരക്കു മധ്യേ പാകത്തില്‍ (ഖരപാകത്തില്‍) ഉണ്ടാക്കണം. വ്രണംകരിയാന്‍ മണല്‍പാകത്തിലും കുട്ടികള്‍ക്കുള്ളവ മെഴുകു പാകത്തിലും വേണം പാകപ്പെടുത്താന്‍. മെഴുകുപാകമെന്നാല്‍ കല്‍ക്കം കൈയിലെടുത്ത് ഉരുട്ടിയാല്‍ ഉരുളുന്ന പാകമാകണം. ഞെക്കിയാല്‍ പരന്നിരിക്കണം. മെഴുകുമധ്യേ പാകമെന്നാല്‍ തൈലത്തിലെ ജലാംശം വറ്റി ഉരുട്ടിയാല്‍ മൃദുവായി ഉരുളുന്ന പാകം.
മണലില്‍ പിടിക്കുന്നതു പോലെ ഉറച്ച പാകമാണ് മണല്‍പാകം. അരക്കുമധ്യേ പാകമെന്നാല്‍ ഉരുട്ടിയാല്‍ ഉരുളില്ല. സാധാരണ ഉപയോഗത്തിനുള്ള തൈലങ്ങള്‍ അരക്കുമധ്യേ പാകത്തിലാണ് എടുക്കുന്നത്. മെഴുകു പാകത്തിലുള്ള തൈലങ്ങള്‍ മൂന്നുമാസം മാത്രമേ കേടാവാതെ സൂക്ഷിക്കാനാവൂ. അരക്കുമധ്യേയുള്ളവ ആറുമാസവും മണല്‍പാകത്തിലുള്ളവ ഒരു വര്‍ഷവും കേടാവാതെ സൂക്ഷിക്കാം. മണല്‍ പാകത്തിന് അപ്പുറമായാല്‍ തൈലത്തിന്റെ ഗുണം നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക