ജയ്പ്പൂര്‍: അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടം. 4371 പഞ്ചായത്ത് സമിതികളില്‍ 1833 സീറ്റുകള്‍ ബിജെപിയും 1713 സീറ്റുകള്‍ കോണ്‍ഗ്രസും നേടി. 420 സ്വതന്ത്രരും എന്‍ഡിഎ ഘടകകക്ഷിയായ ആര്‍എല്‍പി (രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി) 56 സീറ്റുകളും നേടി. സിപിഎമ്മിന് 16 സീറ്റുകള്‍ ലഭിച്ചു.
21 ജില്ലാ പഞ്ചായത്തുകളിലെ 636 സീറ്റുകളില്‍ 265 എണ്ണം ബിജെപി നേടി. 201 എണ്ണം കോണ്‍ഗ്രസും. സിപിഎമ്മും സ്വതന്ത്രരും രണ്ടു വീതവും നേടി. കഴിഞ്ഞ വര്‍ഷം മുനിസിപ്പല്‍ കൗണ്‍സലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17ല്‍ 11 മുനിസിപ്പാലികളും കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തിനിപ്പുറം നടന്ന പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസിനെ പിന്നിലാക്കി. സംസ്ഥാനത്ത് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ജനപിന്തുണ കുറഞ്ഞുവരുന്നതിന്റെ വ്യക്തമായ സൂചനയാണിത്. കര്‍ഷസമരങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ അടക്കം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, കര്‍ഷക സമരങ്ങള്‍ ജനമനസുകളില്‍ ഏശിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
അതേസമയം, ഈ മാസം 22ന് നടക്കുന്ന അരുണാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 1075 ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാതെ വിജയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത്രയും വാര്‍ഡുകളില്‍ ബിജെപിക്ക് എതിര്‍സ്ഥാനാര്‍ഥികളില്ല. 75 ജില്ലാ പഞ്ചായത്തു സീറ്റുകളിലും ആയിരത്തിലേറെ പഞ്ചായത്തുകളിലുമാണ് എതിരാളികളില്ലതെ ബിജെപി ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: