കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊട്ടന്‍പാറയിലെ ദിലീഷ് എന്ന സിപിഎമ്മുകാരനെതിരെ പോലീസ് കേസെടുത്തു. സ്ഥാനാര്‍ത്ഥിയെ ഫോണില്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിണറായി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് ദിലീഷ് ഭീഷണിപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ വീടിനു മുന്പില് വച്ച പ്രചാരണ ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു.
പ്രദേശത്ത് മറ്റു പാര്‍ട്ടിയുടെ ബോര്‍ഡും കൊടിയും പാടില്ലെന്നാണ് ദിലീഷ് ഫോണിലൂടെ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്കും ബോര്‍ഡ് വയ്ക്കാന്‍ അവകാശമില്ലേയെന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ ചോദ്യത്തിന്, ഇതിനു മുമ്പ് പലയാളുകളും ഇവിടെ മത്സരിച്ചിട്ടുണ്ടെന്നും അവരാരും ഈ പ്രദേശത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. ഇങ്ങനെ ബോര്‍ഡ് വച്ച് പ്രചാരണം നടത്താനാണ് ഭാവമെങ്കില്‍ നമുക്ക് നല്ല രീതിയില്‍ പോകാനാവില്ലെന്നും ഇയാള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ന്യൂമാഹി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീജിത്തിനെ കഴിഞ്ഞ ദിവസം സിപിഎമ്മുകാരന് ഭീഷണിപ്പെടുത്തി. പണിക്കാണ്ടി റിനിയെന്ന സിപിഎമ്മുകാരനാണ് ഭീഷണി മുഴക്കിയത്. ജയിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ശ്രീജിത്തിന്റെ ഭാര്യ റീമയെ ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ ശ്രീജിത്തിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടുവന്ന സിപിഎം ഇതര പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ ഭീഷണപ്പെടുത്തിയ സംഭവങ്ങളും പിന്താങ്ങിയവരെ ബലമായി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സിപിഎം സ്വാധീന മേഖലകളില്‍ ഇതര സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
പ്രചരണ രംഗത്തുളള സ്ഥാനാര്‍ത്ഥികളെയും കൂടെ പ്രവര്‍ത്തിക്കുന്നവരെയും വീട്ടില്‍ കയറി സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുന്നതായും വ്യാപക പരാതിയുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നാട്ടില്‍ ജീവിക്കാന്‍ വിടില്ലെന്നാണ് പലര്‍ക്കും നേരെയുമുള്ള ഭീഷണി. തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്നയാളെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിച്ചെന്ന പരാതിയും കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ശ്രീകണ്ഠപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്കുള്ള വഴിമുട്ടിച്ച സംഭവവുമുണ്ടായിരുന്നു. ചില മേഖലകളില്‍ ബൂത്തിലിരിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും സിപിഎമ്മുകാര്‍ മുഴക്കുന്നുണ്ട്. സിപിഎം ഭീഷണി നിലനില്‍ക്കുന്ന സാചഹര്യത്തില്‍ കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: