അഡ്വ. കെ. രാംകുമാര്‍
തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിന് രാജ്യം മുഴുവന്‍ ആദരിക്കുന്ന ഒരു ദേശസ്‌നേഹിയുടെ പേരിട്ടതില്‍ എന്തോ മഹാപരാധം ചെയ്യുന്നുവെന്ന പേരില്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നു. പതിവുപോലെ അവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സ്ഥിരം കപട മതേതരവാദികളാണ്. പ്രത്യേകിച്ചും തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ നഗ്‌നമായ വര്‍ഗ്ഗീയ കൂട്ടുകെട്ട് സൃഷ്ടിച്ചെടുത്തവര്‍.
ശശി തരൂര്‍ ചോദിക്കുന്ന ചോദ്യം വിചിത്രമാണ്. ശാസ്ത്രവും ഗുരുജിയും തമ്മിലെന്താണ് ബന്ധം? എന്തൊരു പരിഹാസ്യമായ ചോദ്യമാണിത്. വാ്രദ കോണ്‍ഗ്രസുകാരില്‍ അല്‍പ്പമെങ്കിലും വിവരമുണ്ടെന്ന് ജനങ്ങള്‍ ധരിക്കുന്ന ആളാണ് ശശി തരൂര്‍. രാജ്യത്തെ വിവിധ ആശുപത്രികള്‍ക്ക് ജനം ആദരിക്കുന്ന നേതാക്കന്മാരുടെ പേരുകള്‍ നല്‍കുന്നത് അവര്‍ ഡോക്ടര്‍മാരായിട്ടല്ല. കണ്ണൂരിലെ എകെജി മെമ്മോറിയല്‍ ആശുപത്രിയും പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയും ആ പേരിന്റെ ഉടമകള്‍ ഡോക്ടര്‍മാരായതുകൊണ്ട് ഇട്ടതല്ല. ദല്‍ഹിയിലെ ഡോ. രാംമനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റിയൂട്ടും ലോക്‌നായക് ജയപ്രകാശ് വൈദ്യശുശ്രൂഷാ കേന്ദ്രവും ആ പേര് നേടിയത് അവര്‍ ഡോക്ടര്‍മാരായിട്ടല്ല.
രാജ്യത്തെ വിവിധ സ്‌റ്റേഡിയങ്ങള്‍ക്ക് നെഹ്‌റു കുടുംബത്തിലുള്ളവരുടെ പേരുകള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കിയത് അവര്‍ക്ക് സ്‌പോര്‍ട്‌സുമായി എന്തെങ്കിലും ബന്ധമുണ്ടായതുകൊണ്ടല്ല. കുടുംബാധിപത്യത്തോടുള്ള അടിമ മനോഭാവവും വിധേയത്വവും കണ്ട് മാത്രമുണ്ടായിട്ടുള്ളതാണ്. സര്‍ദാര്‍ പട്ടേലിനോ നേതാജി സുഭാഷ്ചന്ദ്ര ബോസിനോ കിട്ടാത്ത പ്രാമാണ്യം ഈ വിഷയത്തില്‍ നെഹ്‌റു കുടുംബത്തിന് ലഭിച്ചത് ദാസ്യമനോഭാവത്തിന്റെ പ്രതിഫലനം മാത്രമാണ്.
എന്തൊക്കെയാണ് നെഹ്‌റു കുടുംബത്തിന്റെ നേട്ടങ്ങള്‍? പ്രധാനമന്ത്രി മോഹം മൂത്ത് പഴുത്ത് നിന്നപ്പോള്‍ രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ മുന്‍കയ്യെടുത്തതാണ് ഒരു നേട്ടം. ഇന്ത്യ ചൈന ഭായി ഭായി എന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് നമ്മുടെ പരിപാവനമായ മണ്ണ് ചൈനക്കാര്‍ക്ക് അടിയറവ് വെച്ചതാണ് മറ്റൊരു നേട്ടം. സര്‍ദാര്‍ പട്ടേല്‍ ഹൈദരാബാദ് അടക്കം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയോട് സംയോജിപ്പിച്ചപ്പോള്‍ കശ്മീര്‍ മാത്രം ആഭ്യന്തരവകുപ്പില്‍നിന്ന് എടുത്ത് വിദേശവകുപ്പിലേക്ക് മാറ്റി രാജ്യത്തിന് തീരാശാപമാക്കിത്തീര്‍ത്തതാണ് മറ്റൊരു നേട്ടം. രാഷ്‌ട്രീയരംഗത്താകട്ടെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ്സ്ഥാനത്തേക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാജിയെ ഭാവിയില്‍ തനിക്ക് ഭീഷണിയാകുമെന്ന ഭയത്തില്‍ ഗ്രൂപ്പ് കളിച്ച് പുറത്താക്കിയതാണ് മറ്റൊരു നേട്ടം.
മകളുടെ കാര്യമോ? രാജ്യത്തെ മുഴുവന്‍ തടവറയാക്കി ന്യൂനപക്ഷങ്ങളെ നിര്‍ബന്ധ വന്ധ്യംകരണം നടത്തി ജനനേതാക്കളെ മുഴുവന്‍ ജയിലിലടച്ച് കോടതിവിധി മറികടക്കാന്‍ നിയമം പാസാക്കിയെടുത്ത് അധികാരം ഉറപ്പിച്ചതാണ് നേട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഫാസിസം മറനീക്കി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ ആദ്യമായി പ്രത്യക്ഷമായി പുറത്തുവന്നത് അവരുടെ കാലത്താണ്.
ഇനി മകന്റെ കാര്യമോ? എല്ലാക്കാലത്തും രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ചുവരുന്ന സിക്ക് സമുദായാംഗങ്ങളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതാണ് ഏറ്റവും വലിയ നേട്ടം. എന്നിട്ട് അത് ന്യായീകരിക്കാന്‍ വന്‍മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ ചില ആപത്തുകള്‍ ഉണ്ടാവുന്നത് സാധാരണമാണ് എന്ന് പറഞ്ഞുകൊണ്ട് ശരിവെക്കുകയും ചെയ്യുന്നു. സൗമ്യപ്രകൃതക്കാരനായ ഡോ. മന്‍മോഹന്‍സിങ്ങ് ആ കൊടുംക്രൂരതക്ക് പിന്നീട് മാപ്പിരക്കുകയുണ്ടായി.
തീര്‍ന്നില്ല, ശ്രീലങ്കയില്‍ തമിഴ് വംശജരെ കൂട്ടക്കൊല ചെയ്യാനും സ്ത്രീകളെ മാനഭംഗപ്പെടുത്താനും ശ്രീലങ്കന്‍ ഭരണാധികാരികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതും വലിയ നേട്ടങ്ങൡ ഒന്നാണ്. ഒരിക്കലും മറക്കാനാവാത്ത തമിഴ് വംശജരുടെ മുറിവ് ‘തനു’ എന്ന ചെറുപ്പക്കാരിയുടെ രൂപത്തില്‍ മനുഷ്യബോംബായി രൂപപ്പെട്ട് ശ്രീപെരുംപതൂരില്‍ കൊടുംപാതകത്തിന് കൂട്ടുനിന്ന ആളുടെ തല വരെ ഛിന്നഭിന്നമാക്കി. ന്യൂനപക്ഷ പ്രീണനവും അതേസമയം ഹിന്ദു വോട്ടും ലക്ഷ്യമാക്കി അയോധ്യയില്‍ ശിലാസ്ഥാപനം നടത്തിയത് ക്ഷേത്രനിര്‍മാണത്തോടുള്ള പ്രതിബദ്ധതകൊണ്ടല്ല, വോട്ടിന്‍മേലുള്ള നോട്ടംകൊണ്ടായിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു ഒരു സ്വയംപ്രഖ്യാപിത സോഷ്യലിസ്റ്റ് ആയിരുന്നു. മകളാകട്ടെ സോഷ്യലിസം ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മുന്‍കയ്യെടുത്ത ആളുമാണ്. പക്ഷെ സ്വന്തം കാര്യം വന്നപ്പോള്‍ ഈ കുടുംബം എന്താണ് ചെയ്തത്? രാജ്യത്തിന്റെ വിവിധ കോണുകളില്‍ പോയി സ്വകാര്യസ്വത്തിനോടുള്ള മോഹം ഉപേക്ഷിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച മാന്യവ്യക്തി ഒരു വില്‍പ്പത്രമെഴുതി തന്റെ പ്രശസ്തമായ മൂന്ന് ഗ്രന്ഥങ്ങളില്‍നിന്ന് നേടുന്ന ഭീമമായ വിദേശനാണ്യ സമ്പത്ത് മുഴുവന്‍ മകളുടെ പേരില്‍ സുരക്ഷിതമായി വയ്‌ക്കുകയും രാജ്യത്തിന് ഭസ്മം മാത്രം നല്‍കുകയും ചെയ്തുവെന്നത് ചരിത്രത്തിന്റെ ഭാഗമാണല്ലോ.
പൊതുപ്രവര്‍ത്തനത്തില്‍ ഇത്രയും നഗ്‌നമായ കപടമുഖം കാണിച്ചവരുടെ പേരിലാണ് രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ അറിയപ്പെടുന്നത്. ഇവയില്‍ പ്ലാനറ്റേറിയം മുതല്‍ പാതയോരം വരെയുണ്ട്. പോകട്ടെ, നെഹ്‌റു കുടുംബം രാജ്യത്തിന് യാതൊരു സേവനവും നടത്തിയിട്ടില്ലായെന്നത് ആരും പറയുമെന്ന് തോന്നുന്നില്ല. പക്ഷെ അവരുടെ രാഷ്‌ട്രീയ കക്ഷി സാക്ഷാല്‍ നെഹ്‌റുതന്നെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ച മതരാഷ്‌ട്രീയം സംഘടനയുടെ ഔദാര്യത്തിലാണ് ഇന്ന് രാഷ്‌ട്രീയ സാന്നിധ്യം അറിയിക്കുന്നത്. അമേത്തി നഷ്ടപ്പെട്ടപ്പോള്‍ വയനാട്ടില്‍നിന്ന് രക്ഷപ്പെട്ടത് പാണക്കാട് തങ്ങളുടെ ഔദാര്യത്തിലാണ്.
മതത്തിന്റെ പേരില്‍ രാജ്യം വിഭജിപ്പിക്കണമെന്ന് പറഞ്ഞ ഏക രാഷ്‌ട്രീയ സംഘടനയുടെ നേതാക്കന്മാരുടെ പേരില്‍ കൊച്ചിയിലും കോഴിക്കോടും റോഡുകള്‍ നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാഖില്‍ കുര്‍ദ് വംശജരെ സിഖ് മാതൃകയില്‍ കൂട്ടക്കൊല ചെയ്ത സദ്ദാം ഹുസൈന്റെ പേരില്‍ കേരളത്തിലെ വിവിധ റോഡുകള്‍ ഇന്നറിയപ്പെടുന്നുണ്ട്. സ്വന്തം പിതാവിന് മൂത്ത സഹോദരന്റെ തലയടക്കം ചെയ്ത പേടകം ആഗ്ര ജയിലിലേക്ക് അയച്ചുകൊടുക്കുകയും ഹിന്ദുക്കളില്‍നിന്ന് ബലം പ്രയോഗിച്ച് ജസിയ പിരിക്കുകയും ചെയ്ത ഔറംഗസേബിന്റെ പേരില്‍ രാജ്യതലസ്ഥാനത്തെ പ്രമുഖര്‍ താമസിക്കുന്ന റോഡ് സ്ഥിതിചെയ്യുന്നുണ്ട്.
ഇതൊന്നും അറിയാത്തവരോ കാണാത്തവരോ ആണോ ഒരു പേരിന്റെ പേരില്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ ആരോപണം ഏറ്റെടുത്തിരിക്കുന്നത്? സമീപകാലത്ത് ബംഗ്ലാദേശ് ദിനം ആചരിക്കുമ്പോള്‍ ഷെയ്ഖ് ഹസീന പരസ്യമായി പ്രസ്താവിച്ചത് ബംഗ്ലാദേശികളോട് പാക്കിസ്ഥാനും ജമാെത്ത ഇസ്ലാമിയും ചെയ്ത കൊടും ക്രൂരതകള്‍ വിസ്മരിക്കാന്‍ വിഷമമുണ്ടെന്നുള്ളതാണ്. മൂന്ന് കോടിയിലധികം ബംഗ്ലാദേശികളെ കൊലപ്പെടുത്തുകയും ഒരു കോടിയിലധികം വരുന്ന ഹിന്ദുക്കളെ ക്രൂരമായ ബലാല്‍സംഗത്തിനും മറ്റും ഇരയാക്കിയശേഷം പലായനം ചെയ്യിപ്പിക്കുകയും ചെയതു. ‘മാറാത്ത മുറിവ്’ എന്നാണ് ഷെയ്ഖ് ഹസീന അവരുടെ പ്രവൃത്തികളെ വിശേഷിപ്പിച്ചത്.
ആ ജമാത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായിട്ടാണ് ‘മതേതര വാദ്രാ കോണ്‍ഗ്രസ്’ കേരളത്തില്‍ തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. പക്ഷെ അത് തുറന്നു സമ്മതിക്കാനുള്ള മനോധൈര്യം പോലും ആ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കര്‍ണാടകത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായും മഹാരാഷ്‌ട്രയില്‍ ഇപ്പോള്‍ ‘മതേതരമായ’ ശിവസേനയുമായും കൂട്ടുകൂടിയത് ഈ കക്ഷിതന്നെയാണ്. അവരുടെ വക്താക്കളാണ് അല്‍പംപോലും ഉളുപ്പുമില്ലാതെ ജനങ്ങളോട് പറയുന്നത് ശ്രീ ഗുരുജി ഗോള്‍വല്‍ക്കര്‍ മതപരമായി രാജ്യത്തെ വിഭജിക്കുന്ന ആളാണെന്ന്. എങ്കില്‍ എന്തിനാണ് മതേതര ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാന്‍ സ്വയംസേവകരെ അയക്കണമെന്ന് ഔദ്യോഗികമായി സര്‍സംഘചാലകിനോട് ആവശ്യപ്പെട്ടത്?
മേല്‍ സൂചിപ്പിച്ച കപട മതേതരത്വത്തിന്റെ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ ഗോള്‍വല്‍ക്കര്‍ക്ക് ഒരുപക്ഷെ സാധിക്കുമായിരിക്കില്ല. പക്ഷെ ലോകത്തില്‍തന്നെ ഏറ്റവും വലിയ സംഘടന- രാജ്യസ്‌നേഹത്തിലും ത്യാഗത്തിലും അടിയുറച്ച് വിശ്വസിക്കുന്ന പ്രതിബദ്ധരായ യുവാക്കളുടെ നിര കെട്ടിപ്പടുക്കുകയും ലളിതജീവിതം നയിച്ച് രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച മഹാ വ്യക്തി, കപട മതേതരക്കാര്‍ക്ക് കണ്ണില്‍ കരടായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സിന്ദാബാദ് വിളികളും മുഖസ്തുതി പ്രസംഗങ്ങളും സ്വീകരിക്കുന്നതാണ് നേതൃത്വത്തിന്റെ ലക്ഷണങ്ങളെന്ന് തരൂര്‍, എം.എ. ബേബി പ്രഭൃതികള്‍ വിശ്വസിക്കുന്നുവെങ്കില്‍ ഈ രാജ്യത്തെ യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ക്ക് ഒരൊറ്റ വികാരം മാത്രമേ അവരോട് പ്രകടിപ്പിക്കാനുള്ളൂ- അങ്കുശമില്ലാത്ത സഹതാപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: