മാനന്തവാടി: സ്വന്തം ശബ്ദ സൗന്ദര്യം കൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് പ്രശസ്തി നേടുകയാണ് വയനാട്ടിലെ ഒരു ശബ്ദ കലാകാരന്. ഈ കൊറോണക്കാലത്തും വന്‍ ഡിമാന്റാണ് ഷാജി മാനന്തവാടി എന്ന ഈ കലാകാരന്. 20 വര്‍ഷമായി ശബ്ദ രംഗത്ത് സജീവ അനൗണ്‍സറാണ് ഷാജി മാനന്തവാടി. പലപ്പോഴും ആവശ്യക്കാര്‍ക്ക് അനൗണ്‍സ്മെന്റ് ചെയ്യാന്‍ വാഹനവും സൗണ്ട് സിസ്റ്റവും ഡ്രൈവറും വെച്ച് ചെയ്യാനാകില്ലെന്നു മനസിലാക്കിയ ഷാജി സ്വന്തമായി ഒരു വാഹനവും മൈക്ക് സെറ്റും വാങ്ങി വാഹനമോടിച്ച് ശബ്ദം നല്കാന് തീരുമാനിക്കുകയായിരുന്നു. ഇതോടെ വലിയ രീതിയിലുള്ള ചെലവാണ് കുറഞ്ഞതെന്നും സാധാരണക്കാര്‍ക്കു പോലും അനൗണ്‍സ്മെന്റ് നല്കാന് സാധിക്കുമെന്നും ഷാജി പറയുന്നു.
കോളേജില്‍ മിമിക്രി ചെയ്യുന്ന സമയത്താണ് ഈ മേഖലയിലേക്ക് തിരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ഏകദേശം നൂറോളം അനൗണ്‍സ്മെന്റുകള്‍ ഇതിനോടകം തന്നെ ഷാജി നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും ഇതിനോടകം അനൗണ്‍സ്മെന്റുകള്‍ നല്‍കിക്കഴിഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എല്ലാ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളും ഷാജിയേട്ടനെ തിരഞ്ഞെത്താറുണ്ട്. ഏകദേശം മുന്നൂറോളം സ്ഥാനാര്‍ത്ഥികളുടെ അനൗണ്‍സ്മെന്റ് ചെയ്യാനാകുമെന്നാണ് ഷാജി പറയുന്നത്.
കന്നഡ, തമിഴ്, മലയാളം എന്നീ മൂന്നു ഭാഷകളിലും ഷാജി ശബ്ദം നല്‍കും. ഓഡിയോ സിഡി, വാണിജ്യ പരസ്യങ്ങള്‍, സ്റ്റേജ് കോമ്പയറിങ്, തുടങ്ങിയ നാല് ശബ്ദതലങ്ങളാണ് ഷാജി ചെയ്യുന്നത്. കൊറോണ കാലത്ത് വലിയ പ്രതിസന്ധിയിലായിരുന്ന ഷാജിക്ക് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം കൃഷിക്കാണ് ചെലഴിക്കുന്നത്. കല്‍പ്പറ്റ കെന്റ് മീഡിയയിലാണ് ഷാജിയുടെ സൗണ്ട് റെക്കോഡിങ്. കണിയാമ്പറ്റ ലിത തോമസും കല്‍പ്പറ്റ മെറിന് റിയ ജേക്കബുമാണ് സഹായത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: