ന്യൂദല്‍ഹി: കര്‍ഷക സംഘടനകളുടെ സമരത്തില്‍ നുഴഞ്ഞുകയറാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിനെ അവസരമാക്കി നേതൃത്വം ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഡിസംബര്‍ എട്ടിലെ ഭാരത് ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഭാരത് ബന്ദ് പ്രഖ്യാപിച്ച കര്‍ഷക സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രത്തിനെതിരെ കലാപ സമാന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമത്തിന് കര്‍ഷക സംഘടനകള്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, ആര്‍ജെഡി, ഡിഎംകെ,സിപിഎം, സിപിഎം എഎല്‍, സിപിഐ തുടങ്ങിയ കക്ഷികളാണ് ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാജ്യമെങ്ങും ശക്തമായ പ്രതിഷേധം നടത്തുമെന്ന് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസില്‍ നിന്നാണ് സോണിയ ഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പേരുള്‍പ്പെടുത്തിയുള്ള പ്രതിപക്ഷ പ്രസ്താവന പുറത്തിറക്കിയതെന്നതും കോണ്‍ഗ്രസിന് നാണക്കേടായി.
കര്‍ഷക നിയമത്തിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസിനെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേരാണ് രംഗത്തെത്തിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക എടുത്തുകാട്ടിയായിരുന്നു പരിഹാസം. മണ്ഡികളുമായി ബന്ധപ്പെട്ട എപിഎംസി ആക്ട് എടുത്തു കളയുമെന്നും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്നും വ്യക്തമാക്കുന്ന കോണ്‍ഗ്രസ് പ്രകടന പത്രികയുമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞത്. ഇത് കര്‍ഷക സമരം മാത്രമല്ലെന്നും സ്വേച്ഛാധിപത്യത്തിനെതിരായ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്കുള്ള ശ്രമം കൂടിയാണെന്നും അകാലിദള്‍ നേതാവ് പറഞ്ഞപ്പോള്‍ത്തന്നെ സമരത്തിനു പിന്നിലെ രാഷ്ട്രീയം വ്യക്തമായിരുന്നു. സമരവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ ഭിന്നതയാണ് രൂപപ്പെട്ടത്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങും ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍സിങ് ബാദലും തമ്മില്‍ അതിരൂക്ഷ വാക്പോരാണ് തുടരുന്നത്. കര്‍ഷക സമരത്തിന്റെ നേട്ടം സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് ഇരു കൂട്ടരും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: