ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം രാഷ്ട്രീയ പ്രതിയോഗികളെ അമ്പരപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയെ നിഷ്പ്രഭമാക്കി രണ്ടാം സ്ഥാനത്തെത്തിയ ബിജെപി, ഹൈദരാബാദിനെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ തട്ടകമാക്കാന്‍ ശ്രമിച്ച അസാസുദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടിയുടെ ഹുങ്ക് അവസാനിപ്പിച്ചിരിക്കുകയുമാണ്. ആകെയുള്ള 150 സീറ്റില്‍ 49 സീറ്റും ബിജെപി നേടിയതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാതായിരിക്കുന്നത് ടിആര്‍എസിന്റെ അവകാശവാദങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്. കാലാവധി അവസാനിക്കാന്‍ മൂന്നുമാസം അവശേഷിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജയം ആവര്‍ത്തിക്കാമെന്ന് പ്രതീക്ഷിച്ച ചന്ദ്രശേഖര റാവുവിന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഇതോടെ മങ്ങലേറ്റിരിക്കുന്നു. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും പ്രചാരണം നടത്താനും വേണ്ടത്ര സമയം ലഭിക്കാതിരുന്നിട്ടും ബിജെപി നടത്തിയ മുന്നേറ്റം പാര്‍ട്ടിയില്‍ പുതിയ ആവേശം നിറച്ചിരിക്കുകയാണ്. പ്രചാരണത്തിന് കുറേക്കൂടി സാവകാശം ലഭിച്ചിരുന്നെങ്കില്‍ കോര്‍പ്പറേഷന്റെ ഭരണം ബിജെപി കൈപ്പിടിയിലൊതുക്കുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രം ജയിക്കാന്‍ കഴിഞ്ഞ ബിജെപിക്ക് ഒരു നേട്ടവുമുണ്ടാകാന്‍ പോകുന്നില്ലെന്ന് വീമ്പിളക്കിയ ഒവൈസിക്ക് ഇപ്പോള്‍ ഉത്തരംമുട്ടിയിരിക്കുകയാണ്.
കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് ആന്ധ്ര സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതു തന്നെ കോണ്‍ഗ്രസ്സിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു. ഈ മോഹം ഇനിയൊരിക്കലും പൂവണിയാന്‍ പോകുന്നില്ലെന്ന് വ്യക്തമായിരിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിക്ക് ബദല്‍ ബിജെപിയാണെന്നും തെളിഞ്ഞിരിക്കുകയാണ്. ചന്ദ്രശേഖര റാവുവിന്റെ കുടുംബ ഭരണത്തിനും അഴിമതിക്കുമെതിരായ ജനവികാരം ഹൈദരാബാദില്‍ ബിജെപിക്ക് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ തവണ ടിആര്‍എസ് ജയിച്ച പല സീറ്റുകളിലും ഇക്കുറി ബിജെപി വിജയക്കൊടി പാറിച്ചത് ഇതിനു തെളിവാണ്. വോട്ടുവിഹിതത്തില്‍ ബിജെപിയും ടിആര്‍എസും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂ. വര്‍ഗീയ ധ്രൂവീകരണത്തിലൂടെ ബിജെപിയുടെ മുന്നേറ്റത്തെ തടയാമെന്ന തന്ത്രത്തിനും തിരിച്ചടിയേറ്റിരിക്കുന്നു. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പല ഡിവിഷനുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് ജയിച്ചു കയറിയത്. ബിജെപിയെ മതന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന കപടമതേതരവാദികളുടെ പഴയ തന്ത്രം ഇനി ഫലിക്കില്ലെന്ന സന്ദേശവും ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്.
സംഘടനാപരമായി ശക്തിയുണ്ടെങ്കിലും വലിയ രാഷ്ട്രീയ മുന്നേറ്റമൊന്നും ഉണ്ടാക്കാന്‍ തെലങ്കാനയില്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ഈ ചിത്രമാണ് ഇപ്പോള്‍ മാറുന്നത്. ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പിന് മുന്‍പു നടന്ന ദുബ്ബക് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി വിജയം നേടുകയുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കോര്പ്പറേഷന് തെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത്. ഇതിന്റെ സ്വാഭാവിക പരിണാമങ്ങള്‍ നിരവധിയാണ്.
ടിആര്‍എസിന് ബദലായി ജനങ്ങള്‍ കാണുന്നതിനാല്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്തിന്റെ അധികാരം പിടിക്കാന്‍ കഴിയും. ഹൈദരാബാദില്‍ ടിആര്‍എസിന് ഭരണത്തിലേറണമെങ്കില്‍ ഒവൈസിയുടെ പിന്തുണ വേണം. ഇങ്ങനെ വന്നാല്‍ അത് ചന്ദ്രശേഖര റാവുവിന്റെ വിശ്വാസ്യത നശിപ്പിക്കുകയും, ടിആര്‍എസിന്റെ ജനകീയാടിത്തറയില്‍ വിള്ളലുണ്ടാക്കുകയും ചെയ്യും. ജൈത്രയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്ന ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍നിന്ന് കൂടുതല്‍ നേതാക്കളെത്തും. കോണ്‍ഗ്രസ്സില്‍ താരപരിവേഷമുള്ള നടി വിജയശാന്തി ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ വന്നിരിക്കുന്നത് പുതിയ തുടക്കമാണ്. തെലങ്കാനയിലെ ബിജെപി മുന്നേറ്റം അയല്‍ സംസ്ഥാനമായ ആന്ധ്രയിലും മാറ്റമുണ്ടാക്കും. രജനി കാന്തിന്റെ പാര്‍ട്ടി രൂപീകരണവും ബിജെപി അവിടെ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റവും തമിഴ്നാടിന്റെ രാഷ്ട്രീയ ഗതി മാറ്റും. കര്‍ണാടക ഇപ്പോള്‍ തന്നെ ബിജെപി ഭരണത്തിലാണല്ലോ. ഹൈദരബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും അനുരണനങ്ങള്‍ ഉണ്ടാക്കും. ചുരുക്കത്തില്‍ ബിജെപിയെ കേന്ദ്രീകരിച്ച് ദക്ഷിണ ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറി മറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: