ആലപ്പുഴ: സാധാരണക്കാരില്‍ ഒരുവനായി, അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി, വികസന പ്രതീക്ഷകള്‍ പങ്കുവച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്. രാപകല്‍ ഭേദമന്യേ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് ബിജെപിയുടെ സൗമ്യമുഖം.
ഇന്നലെ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലായിരുന്നു കൃഷ്ണദാസിന്റെ പ്രചാരണ പരിപാടികള്‍. രാവിലെ ഒന്‍പതരയോടെ ആലപ്പുഴയില്‍ നിന്ന് വാഹനത്തില്‍ കാവാലത്തേക്ക്. കൂടെ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്തുമുണ്ട്. ഉള്‍വഴികള്‍ താണ്ടി തട്ടാശേരി കടവിലെത്തി. രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വഴികാട്ടാനെത്തി. കുട്ടനാട്ടിലെ യാത്രാദുരിതം വ്യക്തമാകുന്നതായിരുന്നു ഈ യാത്ര. അവിടെ ജങ്കാറില്‍ ആറു കടന്ന് കാവാലം എട്ടാം വാര്‍ഡില്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ സ്ഥലത്തേക്ക്. തട്ടാശേരി കടവില്‍ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ആരംഭിച്ചെങ്കിലും, പാലം എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് യാതൊരു വ്യക്തതയുമില്ല. പഞ്ചായത്ത് സംയോജകന്‍ പി.ആര്‍. ജോഷി അദ്ദേഹത്തെ സ്വീകരിച്ച് യോഗവേദിയിലെത്തിച്ചു.
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീവത്സന്‍, ബിഡിജെഎസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. മുരുകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം. തുടര്‍ന്ന് ദീര്‍ഘയാത്രയുടെ ക്ഷീണമൊന്നുമില്ലാതെ പ്രസംഗം. ഏതാനും മിനിറ്റുകള്‍ മാത്രമേ പ്രസംഗിച്ചൊള്ളൂ, കാര്യമാത്ര പ്രസക്തമായിരുന്നു. ഇടതിന്റെ അധോലോക രാഷ്‌ട്രീയവും, യുഡിഎഫിന്റെ അധമ രാഷ്‌ട്രീയവും ചൂണ്ടിക്കാട്ടിയപ്പോള്‍ സദസ്സില്‍ നിന്ന് കൈയടി, നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണി പറയുകയും, അവ ജനങ്ങളിലെത്തിക്കേണ്ടത് നിങ്ങളാണെന്ന് പ്രവര്‍ത്തകരെ ഉപദേശിക്കാനും അദ്ദേഹം തയ്യാറായി. കാവാലം പഞ്ചായത്ത് ഭരണം ലഭിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിന് താനെത്തുമെന്ന് ഉറപ്പു നല്‍കിയാണ് അവിടെ നിന്ന് മടങ്ങിയത്.
വാലടി, കിടങ്ങറ, മുട്ടാര്‍ വഴി ഇനി തലവടിയിലേക്ക്. ബിജെപിക്ക് ഏറെ സ്വാധീനമുള്ള പ്രദേശമായ ഇവിടെ പഞ്ചായത്തംഗങ്ങള്‍ പാര്‍ട്ടിക്കുണ്ട്. രണ്ടിടത്ത് രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. എട്ടാം വാര്‍ഡ് മാണത്തറയിലെ കുടുംബയോഗമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പരിപാടി. അമ്മമാരും, യുവതികളും അടക്കം നിരവധി ആളുകളാണ് യോഗത്തില്‍ പങ്കെടുത്തത്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ഉറപ്പെന്ന് കൃഷ്ണദാസിന്റെ വാഗ്ദാനം. വരുന്ന വഴി മുട്ടാറില്‍ കുടിവെള്ളത്തിനായി പൊതുടാപ്പ് തുറന്നപ്പോള്‍ വരുണ ഭഗവാന് പകരം, വായുഭഗവാനാണ് വന്നതെന്ന് അദ്ദേഹം തമാശയായാണ് അവതരിപ്പിച്ചതെങ്കിലും കുറിക്കു കൊള്ളുന്നതായി.
ഇടതു-വലതു മുന്നണി നേതാക്കള്‍ ജയിലിലേക്കും, ബിജെപിക്കാര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേക്കും എന്നതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞത് നിറഞ്ഞ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി, അവരെ ജയിപ്പിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി ചെറിയ പ്രസംഗം അവസാനിപ്പിച്ചു. എന്‍ഡിഎ പഞ്ചായത്തിനായി തയാറാക്കിയ വികസനരേഖയും പ്രകാശനം ചെയ്തു. അപ്പോഴേക്കും സമയം ഉച്ച പന്ത്രണ്ടര കഴിഞ്ഞു. പന്ത്രണ്ട് മണിക്ക് ആലപ്പുഴയില്‍ പത്രസമ്മേളനം പറഞ്ഞിരുന്നതാണെന്ന് ഓര്‍മ്മപ്പെടുത്തിയതോടെ ആലപ്പുഴയ്‌ക്ക് മടക്കം. വൈകിയതിന് ക്ഷമാപണം നടത്തി പത്രസമ്മേളനം.
ഉച്ചഭക്ഷണം തയാറാക്കിയിരിക്കുന്നത് ചേര്‍ത്തല നഗരത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രേംകുമാറിന്റെ വീട്ടിലാണ്. അര മണിക്കൂര്‍ യാത്ര ചെയ്ത് അവിടെയെത്തി ഊണ് കഴിച്ചു. വിശ്രമമില്ല അവിടെ നിന്ന് പട്ടണക്കാട് വെട്ടയ്‌ക്കലിലെ പൊതുയോഗ വേദിയിലേക്ക്, തുടര്‍ന്ന് അരീപ്പറമ്പിലെ യോഗം. ഇതിനിടെ ചേര്‍ത്തല നഗരസഭയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനും അദ്ദേഹം തയാറായി. തിരികെ പാതിരപ്പള്ളിയിലും, മംഗലത്തിലും കുടുംബസംഗമം, അവിടെ നിന്ന് ഹരിപ്പാട് പൊതുസമ്മേളനം, അപ്പോഴേക്കും നേരം വൈകി. നേതാക്കളുമായി ബന്ധപ്പെട്ട് പിറ്റേന്നത്തെ പ്രചാരണത്തിന്റെ വിവരങ്ങള്‍ തിരക്കിയ ശേഷമാണ് രാത്രിഭക്ഷണത്തിനും, വിശ്രമത്തിനുമായി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: