സുപ്രീംകോടതി വിധിയുടെ പേരില്‍ യുവതികളെ ബലം പ്രയോഗിച്ച് സന്നിധാനത്ത് കൊണ്ടുവന്ന് ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇടതുമുന്നണി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയുടെ കാലത്തും ആ വഴിയില്‍തന്നെ മുന്നോട്ടു പോകുന്നത് ഭക്തരില്‍ കടുത്ത ആശങ്കയും അമര്‍ഷവും നിറച്ചിരിക്കുകയാണ്. ഈ തീര്‍ത്ഥാടന കാലത്ത് ഭക്തരെത്തുന്നത് പരമാവധി കുറച്ചുകൊണ്ടുവന്ന് ആചാരാനുഷ്ഠാനങ്ങള്‍ വിധിയനുസരിച്ച് നടത്തുകയാണ് വേണ്ടതെന്ന പൊതുധാരണയ്ക്ക് ദേവസ്വം ബോര്‍ഡും സര്‍ക്കാരും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. സാധാരണ ദിവസങ്ങളില്‍ 1000 പേര്‍ക്കും, ശനി-ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും ദര്‍ശനം അനുവദിക്കാമെന്ന നിബന്ധന കാറ്റില്‍പ്പറത്തി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും. ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത വിധമാണ് കൊവിഡ് രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. വിദൂര ദേശങ്ങളില്‍ നിന്നുവരുന്ന തീര്‍ത്ഥാടകരുടെ പക്കല്‍ രോഗ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും യാത്രക്കിടെ അവര്‍ രോഗബാധിതരാവാനുള്ള സാധ്യത വളരെയേറെയാണ്. അടുത്തിടെ നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ ചില തീര്‍ത്ഥാടകര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയിരുന്നു. ക്ഷേത്ര ജീവനക്കാര്‍ക്കും ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുകാര്‍ക്കും കൊവിഡ് പോസിറ്റീവായി. ഗുരുതരമായ ഈ സാഹചര്യത്തിനു നേര്‍ക്ക് കണ്ണടച്ചുകൊണ്ടാണ് പണത്തില്‍ കണ്ണുവച്ച് കൂടുതല്‍ തീര്‍ത്ഥാടകരെ ദേവസ്വം ബോര്‍ഡ് മല ചവിട്ടാന്‍ അനുവദിക്കുന്നത്.
കൊവിഡ് രോഗത്തെ രാഷ്ട്രീയ പ്രതിരോധത്തിന് ഉപയോഗിക്കുകയെന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡിന്റെ പേരു പറഞ്ഞാണ് അഴിമതിക്കെതിരെ സമരം പാടില്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ ഇക്കൂട്ടര്‍ക്ക് മറ്റൊരു മുഖമാണ്. അവിടെ കൊവിഡ് ജാഗ്രത വേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുക വഴി കൊവിഡ് വ്യാപനമുണ്ടായാല്‍ അങ്ങനെയും ശബരിമലയെ അപകീര്‍ത്തിപ്പെടുത്താമെന്ന ദുഷ്ടലാക്കാണോ സര്‍ക്കാരിനുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദല്‍ഹിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തബ്ലീഗ് തീവ്രവാദികള്‍ യോഗം ചേര്‍ന്നതാണ് പല സംസ്ഥാനങ്ങളിലും വന്‍തോതില്‍ രോഗം പടരാനിടയാക്കിയത്. അതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്തത്. അവരാണ് ശബരിമല തീര്‍ത്ഥാടനത്തിനിടെ കൊവിഡ് വ്യാപനത്തിന് അവസരമൊരുക്കുന്നത്. അയ്യപ്പസന്നിധിയിലെ ആചാരാനുഷ്ഠാനങ്ങളും പരിശുദ്ധിയും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നതോടൊപ്പം തീര്‍ത്ഥാടകരുടെ ആരോഗ്യവും ജീവനും അപകടപ്പെടരുതെന്നാണ് ഹൈന്ദവ സംഘടനകള്‍ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മണ്ഡല-മകര വിളക്കു കാലത്ത് ‘ഭവനം പൂങ്കാവനം’ എന്ന ആശയം മുന്നോട്ടുവച്ചിട്ടുള്ളത്. പക്ഷേ ഹിന്ദുസമൂഹത്തോട് ഒരുതരം കുടിപ്പക പുലര്‍ത്തുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല.
മണ്ഡല-മകര വിളക്കു കാലത്തുതന്നെ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നതില്‍ ഒരു കാവ്യനീതിയുണ്ട്. യുവതീപ്രവേശനത്തിന്റെ പേരില്‍ അയ്യപ്പ സന്നിധാനത്തിന്റെ പവിത്രത നശിപ്പിക്കാനും, കോടിക്കണക്കിനു വരുന്ന ഭക്തരുടെ വിശ്വാസത്തെ ചവിട്ടിമെതിക്കാനുമാണല്ലോ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അലയടിച്ചു വന്ന പ്രതിഷേധത്തെത്തുടര്‍ന്ന് നിരീശ്വര വാദികള്‍ നയിക്കുന്ന ഭരണകൂടത്തിന് പിന്മാറേണ്ടി വന്നെങ്കിലും ഹിന്ദുവിരുദ്ധമായ നിലപാടുകള്‍ അവര്‍ കയ്യൊഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് അയ്യപ്പഭക്തരെയാണ് സിപിഎമ്മിനെയും പോലീസിനെയും ഉപയോഗിച്ച് ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്. ചിലര്‍ക്ക് ജീവന് നഷ്ടമായി. ആയിരക്കണക്കിനാളുകളുടെ പേരില്‍ കള്ളക്കേസുകളെടുത്ത് ജയിലിലടച്ചു. ഈ കിരാത നടപടികള്‍ ഭക്തരുടെ ഹൃദയങ്ങളിലുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. അവരുടെ മനസ്സുകള്‍ നീറിപ്പുകയുകയാണ്. മതേതരത്വം മറയാക്കി തങ്ങളുടെ മേല്‍ കുതിര കയറുന്ന ഒരു പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും പാഠംപഠിപ്പിക്കാനുള്ള സുവര്‍ണാവസരമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഹിന്ദുസമൂഹം കാണുന്നത്. അവിശ്വാസികള്‍ക്ക് വോട്ടില്ല എന്ന് എഴുതിവച്ച വീടുകളുണ്ട്. പിണറായിയെ അധികാരത്തില്‍നിന്ന് ഇറക്കിയിട്ടേ മല ചവിട്ടൂ എന്ന് പ്രതിജ്ഞയെടുത്തവരുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായ ഈ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. തങ്ങളുടെ ഓരോ വോട്ടും അര്‍ച്ചനയെന്നപോലെ അവര്‍ ധര്‍മസംരക്ഷണത്തിന് ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: