തിരുവനന്തപുരം : ലൈഫ് മിഷന് ക്രമക്കേട് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ച വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിജിലന്‍സിന് കൈമാറാന്‍ കോടതി ഉത്തരവ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ളവരുടേയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവസങ്കരന് എന്നിവരുടെ വാട്സ്ആപ് സന്ദേശങ്ങള്‍ കൈമാറാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ഏജന്‍സി ശേഖരിച്ച വിവരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സിന് കൈമാറാനാണ് എന്‍ഐഎ കോടതി ഉത്തരവിട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ലൈഫ് മിഷന് എന്നിവയടക്കമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്കും സംഘത്തിനും കൈമാറിയിട്ടുള്ളതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.
ശിവശങ്കറിന്റെ അറിവോടെ തന്നെ ഈ പദ്ധതികളില്‍ സ്വപ്നയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇത് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ കിട്ടിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷന് കരാറുകാരായ യൂണിടാക്കിന് വിവരങ്ങള്‍ കൈമാറുന്നതിനായിരുന്നു ഇതില്‍ പലതും. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഈ വിവരങ്ങളെല്ലാം തേടിയിരിക്കുന്നത്.
അതിനിടെ സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനത്തിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: