തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് വേണ്ടി കൈമാറിയ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയെന്ന പരാതിയില്‍ സ്ഥലം വീണ്ടും അളന്ന് തിരിച്ചു. റവന്യു വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുതിയ ബസ് സ്റ്റാന്‍ഡ് ഇരിക്കുന്ന സ്ഥലവും, പുഴയുടെ പുറമ്പോക്കും വീണ്ടും അളന്നുതിരിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്ക് കൈമാറും.
കെഎസ്ആര്‍ടിസി യുടെ കോടികള്‍ വിലമതിക്കുന്ന സ്ഥലം കൈയ്യേറി ബഹുനില കെട്ടിടം നിര്‍മിക്കുന്നതായി പരിസ്ഥിതി പരിപാലന സമിതി ജില്ലാ പ്രസിഡന്റാണ് ജില്ലാ കളക്ടര്‍ക്കും, കെഎസ്ആര്‍ടിസി എം.ഡി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയത്. സമീപത്തുള്ള ഹോട്ടലുകളും, ചില വ്യാപാര സ്ഥാപനങ്ങളും കൈയ്യേറ്റ ഭൂമിയിലാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്കി. കെഎസ്ആര്‍ടിസി മാനേജ്മെന്റും പരാതിയില്‍ ഇടപെട്ടു. തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്കടക്കം നോട്ടീസ് നല്കിയ ശേഷം താലൂക്ക് സര്‍വേയര്‍ ടി.കെ. ബെന്നിയുടെ നേതൃത്വത്തില്‍ സ്ഥലം അളന്നത്. കെഎസ്ആര്‍ടിസി അധികൃതരും പരാതിക്കാരനും സന്നിഹിതനായിരുന്നു.
1979-ല്‍ കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വ്യക്തി കൈമാറിയ 274 3-1 സര്‍വ്വേ നമ്പറില്‍പ്പെട്ട സ്ഥലം 2.87 ഏക്കറുണ്ടായിരുന്നെന്നും, നിലവിലിത് 1.84 ഏക്കറായി ചുരുങ്ങിയെന്നുമാണ് പൊതുപ്രവര്ത്തകന് കൂടിയായ കെ.എ. ജമീല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതിനെ സാധൂകരിക്കുന്ന രേഖകളും അദ്ദേഹം പരാതിക്കൊപ്പം നല്കി. സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: