ആത്മശ്രേയസിന് ഉതകുന്ന പരമമായ അറിവാണ് ഉപനിഷത്ത്. ബൃഹദാരണ്യകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന്റെ സത്യമാണ് ഉപനിഷത്ത്. ഭാരതീയ ചിന്തയുടെ പരമകോടിയാണിത്.
ദശോപനിഷത്തുകളില്‍ പ്രധാനപ്പെട്ടതാണ് മാണ്ഡൂക്യോപനിഷത്ത്. ആകാരം കൊണ്ട് ഹ്രസ്വമാണിത്. ആകെ ഇരുനൂറിനു താഴെ മാത്രം വാക്കുകള്‍. പന്ത്രണ്ടു ചെറിയ ഖണ്ഡങ്ങള്‍. മണ്ഡൂകന്‍ എന്ന ഋഷിയുടെ പേരിനോട് ബന്ധപ്പെട്ട ഋക് ശാഖയിലെ ഉപനിഷത്തെന്ന് പണ്ഡിതമതം. അഥര്‍വവേദീയമെന്ന് പ്രബലമായ വിശ്വാസം. മാണ്ഡൂക്യം പഠിച്ചാല്‍ ഉപനിഷത്തുകള്‍ ആകവേ പഠിച്ചതിന് തുല്യമെന്ന് ഒരു അതിപ്രശസ്തിയുമുണ്ട്. സമസ്ത വേദാന്തത്തിന്റെയും പരമമായ സാരം തന്നെ ഗദ്യഛായയിലുള്ള ഈ ഉപനിഷത്ത്. ചെറുതെങ്കിലും വലുത്. ലഘുവെങ്കിലും ഗുരു.
ഓംകാര മാഹാത്മ്യമാണ് ഇതില്‍ പന്ത്രണ്ടു ഖണ്ഡങ്ങളിലായി പറയുന്നത്. നമ്മുടെ ആധ്യാത്മിക ശാസ്ത്രത്തിന്റെ ഹരിചന്ദനക്കുറിയാണ് ‘ഓം’. ഉച്ചരിക്കപ്പെടുമ്പോള്‍ മാത്രം സത്ത ഗ്രഹിക്കാന്‍ കഴിയുന്ന ഏകാക്ഷര പദമായ ഓം വൈദിക സാഹിത്യത്തിന്റെ അനശ്വര ചിഹ്നമാണ്. സനാതന ധര്‍മത്തിന്റെ സ്വകാര്യ സ്വത്ത്. ഭഗവാന് പണ്ട് അര്ജുനനോട് പറഞ്ഞത് ഇങ്ങനെ:
‘ഓമിത്യേകാക്ഷരം ബ്രഹ്മം
വ്യാഹരന്‍ മാമനുസ്മരന്‍’
അതായത് ഏകാക്ഷരമായ ബ്രഹ്മത്തെ ഉച്ചരിക്കുക, അനുസ്മരിക്കുക. ഓംകാരവും ബ്രഹ്മവും ഭഗവാനും ഒന്നാണെന്ന അഭേദകല്‍പ്പനയാണിവിടെ.
‘ഓം’ ഒന്നാമതായി പ്രത്യക്ഷപ്പെടുന്നത് കൃഷ്ണയജുര്‍വേദത്തില്‍ തൈത്തരീയ സംഹിതയിലാണ്. ‘പ്രണവം’ എന്ന പകരം പദമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ‘നു’ (ണു) ധാതുവിന്, സ്തുതിക്കുക എന്നര്‍ഥം. ‘നു’ വിനോട് ‘പ്ര’ എന്ന ഉപസര്‍ഗം ചേര്‍ന്ന് പ്രണവം.
ഏറ്റവും നവമായത്, പുതിയത് എന്നും അര്‍ഥം പറയാം. ഐതരേയം, ഗോപഥം തുടങ്ങിയ ബ്രാഹ്മണങ്ങളില് ഓംകാര മഹിമ വര്‍ണിക്കുന്നുണ്ട്. പ്രണവോപാസന ഒരുവന്റെ ബ്രഹ്മാര്പണ ബുദ്ധിയെയാണ് സൂചിപ്പിക്കുന്നത്. ബ്രഹ്മത്തിന് പ്രണവത്തേക്കാള് സത്യമായ മറ്റൊരു നാദമില്ല. ഓംകാരപ്പൊരുളാണ് ബ്രഹ്മം.
പ്രണവദേവതയുടെ മാഹാത്മ്യം കീര്‍ത്തിക്കുന്ന പല ഉപാഖ്യാനങ്ങളും ഉപനിഷത്തിലുണ്ട്. ഓംകാരം മാത്രം ജപിച്ച് അസുരന്മാരെ ജയിച്ച കഥ രസാവഹം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: