തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂക്ഷം. റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഗൂഢാലോചന എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്. പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്.
കെഎസ്എഫ്ഇ ചിട്ടിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് സിപിഎമ്മില്‍ മുമ്പില്ലാത്തവിധം പരസ്യപ്രതികരണങ്ങളാണ് ഉയരുന്നത്. റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നും കെഎസ്എഫ്ഇ നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം തോമസ് ഐസക്കിന്റെ വിമര്‍ശനം. എതിരാളികള്‍ക്ക് കെഎസ്എഫ്ഇയെ താറടിക്കാന്‍ അവസരം ഉണ്ടാക്കികൊടുക്കരുതെന്നുമാണ് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. റെയ്ഡ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ അന്വേഷണം വേണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. വിജിലന്‍സിന് വട്ടാണെന്ന് പറയുന്നതിലൂടെ ധനമന്ത്രിലക്ഷ്യം വച്ചത് പിണറായിയെ ആണെന്ന് വ്യക്തമാണ്.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് വിജിലന്‍സ് റെയ്ഡ് നടത്തിയതെന്ന ഗുരുതരമായ ആരോപണമാണ് ആനത്തലവട്ടം ഉന്നയിച്ചത്. ഇതോടെ മുഖ്യമന്ത്രി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കായി നടത്തിയ വിജിലന്‍സ് റെയ്ഡെന്ന സൂചനയും ആനത്തലവട്ടത്തിന്റെ പ്രതികരണത്തിലുണ്ട്. റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിന്റെ പ്രത്യാഘാതമെന്തെന്ന് വിജിലന്‍സ് സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചില്ലേയെന്നും ആനത്തലവട്ടം ആനന്ദന് ചോദിച്ചു. ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും എന്താണു സംഭവിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആനത്തലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്.
എതിരഭിപ്രായം ഉണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് തന്നെ സമ്മതിക്കുകയും ചെയ്തു. വിജിലന്‍സ് റെയ്ഡിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഒരുമിച്ചിരുന്നുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: