ബാംബോലിം: കിബു വിക്കുനയുടെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം വേണം. ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാതെ പോയപോയ ബ്ലാസ്റ്റേഴ്സ് ഇന്ന് മൂന്നാം അങ്കത്തിന് ഇറങ്ങുന്നു. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ആദ്യ മത്സരങ്ങളില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷം സമനില വഴങ്ങി. സന്തുലിതമായൊരു ടീമിനെ ഇറക്കി ഇന്ന് വിജയം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കിബു വിക്കുന. യൂറോപ്പില്‍ കളിച്ചു പരിയചയമുള്ള വമ്പന്‍ താരങ്ങളായ സെര്‍ജിയോ സിഡോഞ്ച, വിന്‍സെന്റ് ഗോമസ്, കോസ്റ്റ ,ബാക്കറി കോനെ, ഗാര്യ ഹൂപ്പര്‍ എന്നിവരിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. ഹൂപ്പറും കൊനെയും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചിട്ടുള്ളവരാണ്.
ആദ്യ കളിയില്‍ ജംഷഡ്പൂര്‍ എഫ്സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ് ചെന്നൈയിന് എഫ്സി ഇറങ്ങുന്നത്. അനിരുദ്ധ ഥാപ്പ, ഇസ്മ എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്പൂരിനെ തോല്‍പ്പിച്ചത്. ഇടതുകാല് കൊണ്ട് കളിക്കുന്ന ഇസ്മയെ വലതു വിങ്ങില്‍ കളിക്കുന്നതാണ് ചെന്നൈയിന്റെ തന്ത്രം. ആദ്യ മത്സരത്തില്‍ ഈ തന്ത്രം അവര്‍ക്ക് ഗുണമായി. ആദ്യ മത്സരത്തില്‍ കളിച്ച ടീമിനെ തന്നെയാകും ചെന്നൈയിന് കളത്തിലിറക്കുക.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈയിനാണ് മേല്‍ക്കൈ. ഇരു ടീമുകളും പതിനാല് തവണ ഏറ്റുമുട്ടിയതില്‍ ആറു തവണയും ചെന്നൈയിനാണ് വിജയം നേടിയത്. ബ്ലാസ്റ്റേഴ്സിന് മൂന്ന് മത്സരങ്ങളിലെ ചെന്നൈയിനെ കീഴടക്കാനായുള്ളൂ. അഞ്ചു മത്സരങ്ങള്‍ സമനിലയായി. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അതിനാല്‍ ഇന്ന് വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കാനാകില്ല.
ഈ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിന് എഫ്സിയും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് വിജയം ചെന്നൈയിനായിരുന്നു. മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: