കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും (സിഎംഒ) കേരളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്ത്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും വകയില്‍ സഹോദരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ഗോപിനാഥുമാണ് സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്-സിഎംഒ അച്ചുതണ്ടിന് സഹായങ്ങള്‍ക്ക് നല്‍കിയിരുന്നതെന്ന് വെളിവായി. രവീന്ദ്രന് ചോദ്യം ചെയ്യലിന് പിടി കൊടുക്കാതെ ഒഴിയുന്നതും അതിനാലാണ്. ഗോപിനാഥ് വൈകാതെ അന്വേഷണ ഏജന്‍സിയുടെ പിടിയിലാകുമെന്നാണ് സൂചന.
കസ്റ്റംസിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചതും കസ്റ്റംസിന്റെ അന്വേഷണ നടപടികളിലെ വേഗക്കുറവും ‘സ്വന്തക്കാരെ’ രക്ഷിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ധനകാര്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം കിട്ടിക്കഴിഞ്ഞു.
ഗോപിനാഥ് കോഴിക്കോട് ജിഎസ്ടിയില്‍ പിആര്‍ഒയാണ്. ഇയാള്‍ നേരത്തേ ഡിആര്‍ഐയിലും അതിനു മുമ്പ് കസ്റ്റംസിലുമായിരുന്നു. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മിന്റെയും പാര്‍ട്ടി നേതാക്കളുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും പിണറായി വിജയന്റെ ബന്ധുവുമായ സി.എം. രവീന്ദ്രന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇയാള്‍. ക്ലാര്‍ക്ക് പദവിയില്‍ ജോലിക്കു കയറി ഇന്‍സ്പെക്ടറായി, ഇപ്പോള്‍ പിആര്‍ഒയാണ്. ഡിആര്‍ഐയില്‍ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ജോലിയിലിരിക്കെ സ്വര്‍ണക്കടത്തു നടത്തിയവരില്‍നിന്ന് പണം വാങ്ങിയ കേസില്‍ പെട്ടിരുന്നയാളാണ്.
സ്വര്‍ണക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാന്‍ വേണ്ട നിര്‍ദേശങ്ങളും വിവരങ്ങളും നല്‍കിയിരുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താവളങ്ങളിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍, കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെ ഏതാനും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ സംഘമാണിത്. സ്വപ്നയും കൂട്ടരും നടത്തിയതുള്‍പ്പെടെ ആസൂത്രിത സ്വര്‍ണക്കടത്തുകള്‍ ഈ സംഘത്തിന്റെ ‘മേല്‍നോട്ട’ത്തിലാണ് നടന്നിരുന്നത്.
സ്വപ്നയും മറ്റും ഉള്‍പ്പെട്ട സ്വര്‍ണ, കറന്‍സി കടത്തു സംഘത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അംഗമാണ്. സി.എം. രവീന്ദ്രനാണ് അതിന് സര്‍ക്കാര്‍ തല സംരക്ഷണം നല്‍കുന്നത്. രവീന്ദ്രനും ശിവശങ്കറും ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ ചേര്‍ന്ന സംഘം തിരുവനന്തപുരത്ത് ഈ പ്രവര്‍ത്തനങ്ങളിലുണ്ട്. ഇവര്‍ക്ക് സംയുക്തമായി പല സംരംഭങ്ങളുമുണ്ട്. തലസ്ഥാനത്ത് നഗരാതിര്‍ത്തിയില്‍ ഇങ്ങനെ സമ്പാദിച്ച പണം കൊണ്ടാണ് ഇവര്‍ ബിനാമിയായി ഫ്ളാറ്റു സമുച്ചയം നിര്‍മിക്കുന്നത്.
ഗോപിനാഥ് വടകരയില്‍നിന്ന് ഏഴെട്ടു മാസം മുമ്പ് കോഴിക്കോട്ട് കാരപ്പറമ്പിലേക്ക് താമസം മാറി. അവിടെ ഒരു ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണിക്ക് മാത്രം ചെലവിട്ടത് ഒരു കോടി 90 ലക്ഷം രൂപയാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്.
സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് അറസ്റ്റിനാണെന്നുതന്നെയാണ് സിഎംഒയുടെയും സിപിഎമ്മിന്റെയും വിലയിരുത്തല്‍. രവീന്ദ്രന്റെ ചോദ്യം ചെയ്യലിലൂടെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുമെന്ന ഭയപ്പാടിലാണ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: