കോഴിക്കോട്: ചേവരമ്പലത്തുകാര്‍ക്ക് ഇ. പ്രശാന്ത് കുമാര്‍ അവരുടെ എല്ലാമെല്ലാമാണ്. മുന്നില്‍ നടക്കാന്‍ പ്രശാന്തേട്ടന് ഉണ്ടെങ്കില്‍ അസാദ്ധ്യമായി ഒന്നുമില്ലെന്ന് അവര്‍ക്കുറപ്പാണ്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തകനായി കൂടെയുണ്ട്. കൗണ്‍സിലര്‍ ആയപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ പിന്നെയും കൂടി. അവഗണിക്കപ്പെട്ടിരുന്ന പ്രദേശങ്ങളിലുള്‍പ്പെടെ വികസനമെത്തിക്കാന്‍, വാര്‍ഡിന്റെ മുക്കിലും മൂലയിലും രാപ്പകല്‍ വ്യത്യാസമില്ലാതെ ഓടിയെത്തുകയായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് വാര്‍ഡില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല.
അമൃത് ഉള്‍പ്പെടെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളും കോര്പറേഷന് ഫണ്ടും ഉപയോഗിച്ച് കഴിവിന്റെ പരമാവധി വികസനം വാര്‍ഡില്‍ എത്തിക്കാനായി. തന്റെ സ്വപ്ന പദ്ധതിയെന്ന് ഇ. പ്രശാന്ത്കുമാര്‍ വിശേഷിപ്പിക്കുന്ന മമ്മിളിത്താഴം-പാച്ചാക്കില്‍ റോഡിന്റെ വികസനം അവസാനഘട്ടത്തിലാണ്. മൂന്ന് വാര്‍ഷിക പദ്ധതികളിലായാണ് ഇതിനായുള്ള അന്‍പത് ലക്ഷം രൂപ വകയിരുത്തിയത്. മലാപ്പറമ്പ് ഹൗസിംഗ് കോളനി, സിഎച്ച് കോളനി എന്നിവിടങ്ങളില്‍ നടത്തിയ റോഡുള്‍പ്പെടെ വികസന പ്രവൃത്തികളും ചേവരമ്പലം സ്കൂളിനായി സ്റ്റേജ് നിര്‍മ്മിച്ചതും അവയില്‍ ചിലത് മാത്രം. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് വെള്ളമെത്തിച്ചു. 6100 മീറ്റര്‍ ദൂരത്തിലാണ് ഇങ്ങനെ കുടിവെള്ള പൈപ്പ് സ്ഥാപിച്ചത്. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കി. സ്വന്തമായി വീട് എന്നത് സ്വപ്നം മാത്രമായിരുന്ന കുടുംബ ങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചത്. മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ മുന്‍നിരനായകനായിരുന്നു ഇ. പ്രശാന്ത്കുമാര്‍. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുംവരെ രാപ്പകല്‍ ഭേദമില്ലാതെ നടന്ന സമരത്തിന്റെ നേതൃനിരയില്‍ അദ്ദേഹമുണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളും ഇന്‍ഷൂറന്‍സ് പദ്ധതികളും ജനങ്ങളിലെത്തിക്കാന്‍ വിവിധ ക്യാമ്പുകളും സംഘടിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ അര്‍ഹിക്കുന്നവരുടെ കൈകളിലെത്തിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തി. ചേവരമ്പലം മാലിന്യമുക്ത വാര്‍ഡ് പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയരുതെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും അത് പ്രാവര്‍ത്തികമാക്കാനും കൂട്ടായ പരിശ്രമത്തിന് നേതൃത്വം നല്കി.
ഇ. പ്രശാന്ത് കുമാര്‍ സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. വികസനതുടര്‍ച്ചയ്ക്ക് ഒരു എന്‍ഡിഎ പ്രതിനിധി വീണ്ടും ചേവരമ്പലത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടണമെന്നാണ് ഇ. പ്രശാന്ത് കുമാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. എന്‍ഡിഎ-ബിജെപി സ്ഥാനാര്‍ത്ഥിയായി വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത് സരിത പറയേരിയാണ്. വിജയം ഉറപ്പിച്ച വാര്‍ഡില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എന്‍ഡിഎ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: