കഴക്കൂട്ടം: കഠിനംകുളത്ത് ഒരാഴ്ച മുമ്പ് മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും 30,000 രൂപയും സിസി ടിവിയും മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശികളായ സുനില്‍ സൈമണ്‍ (23), റോഷന് (23), സുരേഷ് (19), അജിത് (18), പ്രശാന്ത് (19) എന്നിവരാണ് അറസ്റ്റിലായത്. മോഷണശേഷം തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി ഒളിച്ച് താമസിക്കുന്നതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതികള്‍ക്കായി അന്വേഷണം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞത്. വാടകയ്ക്കടുത്ത കാറിലാണ് പ്രതികള്‍ മരിയനാട്ടെത്തിയത്. മോഷണത്തിനുപയോഗിച്ച കാറും സ്കൂട്ടറും മോഷ്ടിച്ച മൊബൈലുകളും സിസി ടിവി, ഡിവിഡികള്‍ എന്നിവയും പ്രതികളില്‍ നിന്നും കണ്ടെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: