പുനലൂര്‍: തുളസിപ്പൂ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ് ……. പാട്ടല്ല തുളസീഭായിക്കിത് ജീവിതമാണ്. വെട്ടിക്കവല പഞ്ചായത്തിലെ കോട്ടവട്ടം നോര്‍ത്ത് വാര്‍ഡിലെ അയല്‍ക്കാരികളുടെ പോരാട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ തുളസീഭായിക്ക് വിശ്വാസ സംരക്ഷണവും അജണ്ടയാകുന്നത് അങ്ങനെയാണ്.
ഇത്തവണ ഇവിടെ അയല്പക്കക്കാരുടെ മത്സരമാണ്. മുന്നണികള്‍ വ്യത്യസ്തമാണെങ്കിലും രാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം സൗഹൃദം കാത്തു സൂക്ഷിക്കുന്നവരുടെ മത്സരം. അതുകൊണ്ടുതന്നെ ആവേശത്തിനും മത്സരച്ചൂടിനുമുണ്ട് സൗഹൃദത്തിന്റെ കുളിരും തണലും.
ബിജെപി സ്ഥാനാര്‍ത്ഥി തുളസീഭായി, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗംഗാ അനീഷ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞുമോള്‍ രാജന് എന്നിവരാണ് മത്സരരംഗത്തുള്ള അയല്പക്കക്കാര്.
കോട്ടവട്ടം ദേവീക്ഷേത്ര ജീവനക്കാരി, ബാലഗോകുലം സംഘാടക, എന്‍എസ്എസ് വനിതാ സംഘം പ്രവര്‍ത്തക, കുടുംബശ്രീ പ്രവര്‍ത്തക എന്നീ നിലകളില്‍ നാട്ടില്‍ സുപരിചിതയാണ് തുളസീഭായി. ക്ഷേത്ര ജീവനക്കാരി എന്ന നിലയിലുള്ള സൗഹൃദങ്ങളും പൊതുരംഗത്തെ പ്രവര്‍ത്തന പരിചയവും തുളസീഭായിയ്ക്ക് വാര്‍ഡില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. മത്സരംഗത്തുള്ള മൂന്നുപേരും അയല്പക്കക്കാരായതിനാല് ആരുജയിച്ചാലും മെമ്പര്‍ അടുത്തുതന്നെയുണ്ട് എന്ന ആശ്വാസത്തിലാണ് ഇവിടുത്തുകാര്‍. വെട്ടിക്കവല പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ തുല്യ നിലയില്‍ എത്തിയതിനെ തുടര്‍ന്ന് നറുക്കെടുപ്പായിരുന്നു ശരണം. ഇക്കുറി അതും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
കരവാളൂര്‍ ബി. പ്രമോദ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: