തിരുവനന്തപുരം: പോലീസ് നിയമഭേദഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയെ തള്ളിയും തിരുത്തിയും സിപിഎം കേന്ദ്ര നേതൃത്വം. നിയമഭേദഗതി പുന: പരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കേരളത്തിലും രാജ്യത്തും വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണു പിണറായിയെ തള്ളി നേതൃത്വം രംഗത്തെത്തിയത്. ബിജെപി, കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമനടപടി സ്വീകരിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെയാണു നിലപാട് തിരുത്തിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെട്ടത്. കരിനിയമത്തിനെതിരേ മാധ്യമങ്ങളും കേരള പത്രപ്രവര്‍ത്തക യൂണിയനും രംഗത്തെത്തിയിരുന്നു.
സ്ത്രീകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപം തടയാനെന്ന പേരിലാണ് ഭേദഗതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സൈബര്‍ എന്നതിനുപകരം ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കുവേണമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയോ മാധ്യമ സ്ഥാപനത്തിനെതിരെയോ ഏതു പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ആരും പരാതി നല്‍കിയില്ലെങ്കില്‍ പോലീസിന് സ്വമേധയാ കേസെടുക്കാം. വാര്‍ത്തയിലൂടെ ഒരാള്‍ക്ക് മാനഹാനി ഉണ്ടായെന്ന് തോന്നിയാല്‍ മറ്റാര്‍ക്കുവേണമെങ്കിലും പരാതി നല്‍കാം. ജാമ്യമില്ലാത്ത വകുപ്പ് ആയതിനാല്‍ അറസ്റ്റ് ചെയ്യാം. അറസ്റ്റിന് മജിസ്ട്രേറ്റിന്റെ അനുമതിയോ വാറന്റോ ആവശ്യവുമില്ല. ശിക്ഷയായി അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം. ഭീഷണി, അധിക്ഷേപം, അപമാനം, അപകീര്‍ത്തി എന്നിവ ഉള്‍ക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസെടുക്കാം. ഭേദഗതിയിലൂടെ പോലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലക്ഷ്യം സര്‍ക്കാരിനും നേതാക്കള്‍ക്കുമെതിരെയുള്ള വാര്‍ത്തകള്‍ നല്കുന്നതില് നിന്ന് കൂച്ചുവിലങ്ങിടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: