ന്യൂദല്‍ഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ദേശീയപര്യടനത്തിന് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ. അടുത്തമാസം മുതല്‍ ആരംഭിക്കുന്ന പര്യടനം 120 ദിവസം നീളും. ഉത്തരാഖണ്ഡിലായിരിക്കും നദ്ദ ആദ്യ സന്ദര്‍ശനം നടത്തുക. ഡിസംബര്‍ മാസത്തില്‍ തുടങ്ങുന്ന യാത്രയില്‍ എല്ലാ സംസ്ഥാനങ്ങളിലും അദേഹം എത്തുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു.
പാര്‍ട്ടിയുടെ സംഘടന സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും കൂടുതല്‍ ശക്തിപ്പെടുത്തുക. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുക. വലിയ സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസവും ചെറിയ സംസ്ഥാനങ്ങളില്‍ രണ്ടുദിവസവുമായിരിക്കും പര്യടനം. എന്‍ഡിഎ ഘടക കക്ഷികളുമായും നദ്ദ ചര്‍ച്ച നടത്തും. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിയതിന്റെ അവലോകനവും നടക്കും. അടുത്ത വര്‍ഷം നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നദ്ദ കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ബിജെപി വ്യക്തമാക്കി.
ബൂത്ത് യൂണിറ്റ് പ്രസിഡന്റുമാരുമായി വെര്‍ച്വല്‍ യോഗം നടത്തുകയും പാര്‍ട്ടി എംഎല്‍എ, എംപി, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സീറ്റുകളില്‍ അടുത്തതെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: