മക്കളേ,
നമുക്കു വിഷമം വരുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ടവരോടു തുറന്നുപറഞ്ഞാല്‍ മനസ്സിന് ആശ്വാസം കിട്ടാറുണ്ട്. അതുപോലുള്ള സ്നേഹവും അടുപ്പവും ഒരു ഭക്തനു ഭഗവാനോടു വേണം. ഈശ്വരന് എന്റെ സ്വന്തം എന്ന ഭാവമാണു നമുക്കുണ്ടായിരിക്കേണ്ടത്. അവന്റെ യഥാര്‍ഥബന്ധു ഈശ്വരന് മാത്രം. യഥാര്‍ഥ ഭക്തനു തന്റെ സുഖദുഃഖങ്ങള്‍ മറ്റാരോടും പറയുവാന്‍ താല്പര്യമുണ്ടാവില്ല. അവിടുത്തോട് ഒന്നും മറച്ചുവയേ്ക്കണ്ട ആവശ്യമില്ല. ഏതു പ്രയാസത്തിലും നമ്മള് അവിടുത്തെ മാത്രം ആശ്രയിക്കുകയാണു വേണ്ടത്.
പ്രേമത്തോടെ ഈശ്വരനെ വിളിച്ചു കരയുമ്പോള്‍ ഉതിരുന്ന കണ്ണുനീര് ദുഃഖത്തിന്റെ കണ്ണുനീരല്ല. അത് ആനന്ദത്തിന്റെ കണ്ണുനീരാണ്. പക്ഷെ, ഇന്ന് അധികംപേരും ദുഃഖം വന്നാലേ ഈശ്വരനെ വിളിക്കൂ എന്നുമാത്രം. മറിച്ച് എപ്പോഴും- സുഖത്തിലും ദുഃഖത്തിലും -ഈശ്വരനെ വിളിക്കാന്‍ നമ്മള് തയ്യാറായാല്‍പ്പിന്നെ ദുഃഖിക്കേണ്ട ആവശ്യമേ വരില്ല. വേണ്ടതെല്ലാം ഈശ്വരന് നോക്കിക്കൊള്ളുമെന്ന ബോധമുണ്ടാകും. അവിടുത്തോടൊന്നു ഹൃദയം തുറന്നു പ്രാര്‍ഥിക്കാന്‍, പ്രേമത്തോടെ രണ്ടുതുള്ളി കണ്ണുനീര് ഈശ്വരനുവേണ്ടി ചൊരിയാന്‍ കഴിഞ്ഞാല്‍ നമ്മള് രക്ഷപ്പെട്ടു.
സുഖത്തില്‍ മതിമറന്ന് ഭക്തന്മാര് ഈശ്വരനെ മറക്കുമ്പോള്‍ അവര്‍ക്കു ദുഃഖം നല്‍കുന്നതും ഭഗവാന് തന്നെയാണ്. സങ്കടത്തില്‍പ്പെട്ടവര്‍ ഈശ്വരനെ കൂടുതല്‍ ഏകാഗ്രതയോടെ വിളിക്കും. അങ്ങനെ ഈശ്വരന്‍തന്നെ ഭക്തരെ അവിടത്തോടടുപ്പിക്കുവാന്‍ വഴിയൊരുക്കുന്നു.
ഒരിക്കല്‍ നാരദന് ഒരു വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ദേവീഭക്തരായ ഒരുകൂട്ടം പുരോഹിതരെ കണ്ടുമുട്ടി. അവര്‍ നാരദനോടു പറഞ്ഞു, ‘ഞങ്ങള്‍ ഇത്രയും കാലം യാഗവും തപസ്സും ചെയ്തു. ഇന്നുവരെ ഈശ്വരദര്‍ശനം കിട്ടിയില്ല.’ അപ്പോള്‍ നാരദന് പറഞ്ഞു, ‘നിങ്ങള്‍ യാഗവും തപസ്സും അനുഷ്ഠിച്ചു. എന്നാല്‍ അതില്‍ നിഷ്കളങ്കതയും പ്രേമവും ഉണ്ടായിരുന്നോ? ഈശ്വരനെ പ്രേമത്തോടെ നൊന്തുവിളിക്കൂ. നിങ്ങള്‍ക്കും ദര്‍ശനം കിട്ടും.’
എന്നാല്‍ അവര്‍ എത്ര ശ്രമിച്ചിട്ടും ഈശ്വരപ്രേമം ഉണരുന്നില്ല. അവരെ സഹായിക്കണം എന്നു ചിന്തിച്ച് നാരദന് പോയി ഒരു അസുരനോടു പറഞ്ഞു, ‘നിന്നെ വധിക്കാന്‍ ഇന്ന സ്ഥലത്ത് ചില പുരോഹിതന്മാര് യാഗം ചെയ്യുന്നു.’ കേട്ട പാതി കേള്‍ക്കാത്ത പാതി, അസുരന് കോപിച്ചു പുരോഹിതന്മാരെ കൊല്ലുവാനായി പുറപ്പെട്ടു. അവിടെച്ചെന്ന് അട്ടഹസിച്ചുകൊണ്ട്
പുരോഹിതന്മാരുടെ താടിക്കും മുടിക്കും പിടിച്ചു വലിച്ചിഴച്ചു. രക്ഷപ്പെടാന്‍ അവര്‍ കഴിയുന്നത്ര ശ്രമിച്ചു. പക്ഷെ പറ്റിയില്ല. ജീവന് പോകുമെന്നായപ്പോള്‍ അവര്‍ മനസ്സ് മുഴുവനായും ദേവിയിലര്‍പ്പിച്ച് ‘അമ്മാ… അമ്മാ…’ എന്നു അലമുറയിട്ടു കരഞ്ഞു. ഉടന്‍ ദേവി പ്രത്യക്ഷപ്പെട്ട് അസുരനെ വധിച്ച് അവരെ രക്ഷിച്ചു. ഭക്തിക്കു തീവ്രതയും ആത്മാര്‍ഥതയും കുറയുമ്പോള്‍ ഭക്തര്‍ക്കു ദുഃഖം നല്‍കുന്നതും ഈശ്വരന് തന്നെ. എങ്കിലേ ഹൃദയം തുറന്നു വിളിക്കൂ. ഹൃദയം തുറക്കാതെ, പ്രേമമില്ലാതെ എത്ര പൂജ ചെയ്താലും തപസ്സുചെയ്താലും ഒരു ഫലവുമില്ല.
നമുക്ക് ഏറ്റവുമധികം ബന്ധം ഭഗവാനോടായിരിക്കണം. എന്നാല്‍ മനസ്സില്‍ നിറയെ ആഗ്രഹങ്ങളുമായി, കുടുംബചിന്തകളുമായി ഭഗവാന്റെ സന്നിധിയില്‍ച്ചെന്നിട്ടു പ്രയോജനമില്ല. വക്കീലിനോടു കേസിനെക്കുറിച്ചു വിശദീകരിക്കണം. എങ്കിലേ, അദ്ദേഹത്തിനു വാദിക്കാന്‍ കഴിയൂ. ഡോക്ടറോടു രോഗവിവരം പറയണം. എന്നാല്‍ മാത്രമേ ഡോക്ടര്‍ക്കു ചികിത്സിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈശ്വരനെ അറിയിക്കാന്‍വേണ്ടി നമ്മുടെ പ്രശ്നങ്ങള്‍ വിസ്തരിച്ചുപറയേണ്ട ആവശ്യമില്ല. ദുഃഖങ്ങള്‍ പറയുന്നെങ്കില്‍ത്തന്നെ അത് അവിടുത്തോടു കൂടുതല്‍ അടുക്കാന്‍ വേണ്ടി മാത്രമായിരിക്കണം. അവിടുന്ന് എല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്നു, നമ്മുടെ ഓരോ ചലനവും കണ്ടുകൊണ്ട് അന്തര്യാമിയായി നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്നു. അവിടുത്തെ ശക്തികൊണ്ടുമാത്രമാണു നമുക്കെല്ലാം കാണുവാനും കേള്‍ക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്നത്. ഭഗവാങ്കല്‍ നമുക്കുള്ള വിശ്വാസവും സമര്‍പ്പണവുമാണ് നമ്മുടെ ദുഃഖങ്ങളെല്ലാം തീര്‍ക്കുന്നതും നമ്മളെ അവിടത്തോട് അടുപ്പിക്കുന്നതും
അവിടുത്തെ അറിയണമെങ്കില്‍ അവിടുത്തെ ശക്തിതന്നെ വേണം. സൂര്യന്റെ പ്രകാശംകൊണ്ടേ സൂര്യനെ കാണാന്‍ കഴിയു. അതിനാല്‍ എല്ലാം അവിടുത്തേയ്ക്കു സമര്‍പ്പിച്ചു സദാ അവിടുത്തെ സ്മരണ ചെയ്യുവാനാണു ശ്രമിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: