ചെന്നൈ: അടുത്തവര്‍ഷം ആദ്യം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് എഐഎഡിഎംകെ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തിനിടെയാണ് മുഖ്യമന്ത്രി ഇ പളനിസ്വാമി ശനിയാഴ്ച പ്രഖ്യാപനം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് പളനിസ്വാമി പറഞ്ഞു.
തങ്ങള്‍ 10 വര്‍ഷം സദ്ഭരണം നടത്തി. 2021-ലെ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സഖ്യം വിജയിക്കും. തമിഴ്നാട് എല്ലായ്പ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അമിത് ഷാ അഭിനന്ദിച്ചു. മറ്റുരാജ്യങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ഇന്ത്യ കോവിഡിനെ നിയന്ത്രിച്ചുനിര്‍ത്തിയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം നിയന്ത്രിച്ചുനിര്‍ത്തുന്ന പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെയും താന്‍ അഭിനന്ദിക്കുന്നു. തമിഴ്നാടിന്റെ രോഗമുക്തിനിരക്ക് വളരെ കൂടുതലാണ്. തമിഴ്നാട് പങ്കുവച്ച കോവിഡ് കണക്കുകള്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉച്ചതിരിഞ്ഞ് തമിഴ്നാട്ടില്‍ എത്തിയ അമിത് ഷായ്ക്ക് മികച്ച വരവേല്പാണ് ലഭിച്ചത്.
ചെന്നൈയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ കാണാനും സ്വീകരിക്കാനും വലിയ ജനക്കൂട്ടമെത്തിയിരുന്നു. പളനിസ്വാമി, ഒ പനീര്‍ശെല്‍വം, മുതിര്‍ന്ന മന്ത്രിമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന് എന്നിവര്‍ അമിത് ഷായെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: