പരവൂര്‍: ലാല്‍ജോസിന്റെ ബാലന്‍പിള്ള സിറ്റിയിലെ എല്‍സമ്മയെ ഓര്‍മ്മയില്ലേ. പത്രവിതരണവും ജനസേവനവുമായി ഇടുക്കിക്കാരുടെ ഇടയില്‍ സജീവമായ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’. പൂതക്കുളത്തുകാര്‍ക്ക് അത് അനീഷയാണ്. പത്രവിതരണം മാത്രമല്ല പൂതക്കുളത്തെ എല്‍സമ്മയുടെ കടമ.
പൂതക്കുളത്ത് പത്രവിതരണം കഴിഞ്ഞ് അനീഷ പോകുന്നത് ആറ്റിന്പുറത്തേക്കാണ്. പക്ഷേ പത്രവിതരണത്തിനല്ലെന്ന് മാത്രം. ആറ്റിന്‍പുറത്ത് അനീഷ വീടുകള്‍ തോറുമെത്തുന്നത് വോട്ട് ചോദിക്കാനാണ്. അഞ്ച് വര്‍ഷമായി ബിജെപിയുടെ സജീവ പ്രവര്‍ത്തകയാണ് അനീഷ. പാര്‍ട്ടി പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന പ്രവര്‍ത്തക.
രണ്ടു വര്‍ഷമായി പൂതക്കുളത്തെ വീടുകള്‍ ഉണരുന്നത് അനീഷയെ കണ്ടാണ്. ജന്മഭൂമി പത്രത്തിന്റെ വിതരണക്കാരിയാണ് അനീഷ. ഒരു ദിവസം ആരംഭിക്കുന്നതുതന്നെ ജന്മഭൂമിയോടൊപ്പമാണ്. ഭര്‍ത്താവ് അജയനാണ് ഏജന്റ്.
രാവിലെ അഞ്ച് മണിക്കുമുന്നേ തുടങ്ങുന്നതാണ് പത്രവിതരണം. കഴിയുമ്പോഴേക്ക് നേരം പുലരും. പിന്നീടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ നാലോ അഞ്ചോ പ്രവര്‍ത്തകര്‍ മാത്രമാണ് ഒപ്പമുണ്ടാവുക.
പത്രവിതരണത്തിലൂടെ നേടിയ പരിചയസമ്പത്താണ് അനീഷയ്ക്ക് ആത്മവിശ്വാസം പകരുന്നത്. പ്രചരണച്ചൂട് പക്ഷേ പത്രവിതരണത്തെ തെല്ലും തടസപ്പെടുത്തുില്ല. പ്രാദേശികമായ എല്ലാ പ്രശ്നങ്ങളെയും മനസ്സിലാക്കാന്‍ പത്രവിതരണം തന്നെ സഹായിച്ചിട്ടുണ്ടെന്നതാണ് അനീഷയുടെ സാക്ഷ്യം.
അത്തരം പ്രശ്നങ്ങളില്‍ ഇടപെടണം. നാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണം. അവരുടെ പ്രതിനിധിയാകണം… മത്സരിക്കാനുള്ള അനീഷയുടെ തീരുമാനത്തിന് പിന്നില്‍ കൃത്യമായ പദ്ധതിയുണ്ട്. പാര്‍ട്ടിയും നാടും കരുത്തായി ഒപ്പമുള്ളതാണ് അനീഷയുടെ ഊര്‍ജ്ജം. എന്നും കാണുന്നതാണ് അനീഷ ഈ നാടിനെ. വാഗ്ദാനമായി മറ്റൊന്നും ഇല്ല, ആറ്റുപുറത്തിന്റെ അടിയന്തര പ്രശ്നങ്ങളുടെ പരിഹാരം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: