ഇടുക്കി: സ്മാര്‍ട്ട് ഫോണുകള്‍ പോലുള്ളവ ഓഫര്‍ വിലയില്‍ ലഭിക്കുമെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകം. വിലക്കുറവിനൊപ്പം ചിത്രങ്ങള്‍ കാട്ടി വമ്പന്‍ ഫീച്ചറുകളുണ്ടെന്ന് പറഞ്ഞുമാണ് തട്ടിപ്പ്.
വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടാബ്, ലാപ്ടോപ്പ് തുടങ്ങിയവയ്ക്കു വന്‍ വിലക്കുറവെന്ന പരസ്യം നല്കി നിരവധിപ്പേരെയാണ് ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടെങ്കിലും പരാതി നല്‍കുന്നത് പോലും വിരളം. നാണക്കേട് ഭയന്നാണ് ഭൂരിഭാഗവും പിന്‍വാങ്ങുന്നത്. ഇത്തരം വെബ്സൈറ്റുകള്‍ക്കെതിരേ പരാതി വ്യാപകമാകുമ്പോള്‍ പുതിയ സൈറ്റുമായി രംഗത്തെത്തുന്നതാണ് തട്ടിപ്പുകാരുടെ പതിവ്. ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയവ വഴിയാണ് സംഘം ആളുകളെ കബളിപ്പിക്കുന്നത്.
അടുത്തിടെ പാലക്കാട് സ്വദേശി ഫേസ്ബുക്കില്‍ കണ്ട ലിങ്ക് വഴി ടാബ് ഓര്‍ഡര്‍ ചെയ്തെങ്കിലും ലഭിച്ചത് മുഷിഞ്ഞ തുണികളും മണ്ണുനിറഞ്ഞ പവര്‍ബാങ്കിന്റെ കവറും മാത്രമായിരുന്നു. എറണാകുളം പാലാരിവട്ടത്തെ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റിയാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. 1999 രൂപയ്ക്ക് 4 ജിബി ടാബ് ലഭിക്കുമെന്നായിരുന്നു പരസ്യം. മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളെപ്പോലെ തന്നെ വെബ് സൈറ്റിലാണ് ലിങ്കില്‍ ക്ലിക്കുചെയ്തപ്പോള്‍ എത്തിയതെന്നും ഇദ്ദേഹം. ഓര്‍ഡര്‍ ചെയ്തപ്പോള്‍ മെസേജ് ലഭിക്കുകയും ചെയ്തു. ക്യാഷ് ഓണ്‍ ഡെലിവറിയായി ബുക്കു ചെയ്ത സാധനം വലിയ കവറിലാണെത്തിയത്. സംശയം തോന്നാത്തതിനാല്‍ പണം നല്‍കിവാങ്ങി തുറന്നു നോക്കിയപ്പോഴാണ് കവറില്‍ മുഷിഞ്ഞ തുണികളും ഉപയോഗശൂന്യമായ പവര്‍ബാങ്കും കണ്ടെത്തിയത്.
കവറില്‍ എവിടെ നിന്ന് അയച്ചുവെന്നു സംബന്ധിച്ച വിവരങ്ങളില്ല. കൊറിയര്‍ എത്തിച്ചു നല്കിയ കമ്പനിയും കൈമലര്‍ത്തി. സൈറ്റില്‍ കയറി കണ്ട നമ്പറില്‍ വിളിപ്പോള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. പരാതി അറിയിച്ചപ്പോള്‍ കോള്‍ കട്ടായി, പിന്നീട് എപ്പോള്‍ വിളിച്ചാലും സ്വിച്ച് ഓഫാണ് ആ നമ്പര്‍.
ഇത്തരത്തില്‍ നാട്ടില്‍ പറ്റിക്കപ്പെട്ടതിന്റെ ഉദാഹരണം മാത്രമാണിത്. വിശ്വാസയോഗ്യമായ സൈറ്റുകളില്‍ പോലും വിലക്കുറവെന്ന പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ സൈബര്‍ സെല്ലിനടക്കം ലഭിക്കുന്നുണ്ട്. ഇത്തരം ചതിക്കുഴികളില്‍ വീഴരുതെന്നും കൃത്യമായി പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തി മാത്രം ഓണ്‍ലൈന്‍ വാങ്ങല്‍ നടത്താവൂയെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: