കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ കൂടുതല്‍ പേരിലേക്കും അന്വേഷണം. കുടുതല്‍ ഉദ്യോഗസ്ഥരേയും കേസില്‍ പ്രതിചേര്‍ത്തു. കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പുവെച്ച എല്ലാ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
സ്‌പെഷ്യല്‍ സെക്രട്ടറി കെ സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ്. രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. കിറ്റ്‌കോയുടെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തു. എഞ്ചിനീയര്‍ എ.എച്ച്. ഭാമ, കണ്‍സല്‍ട്ടന്റ് ജി. സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ മൊത്തം പ്രതികളുടെ എണ്ണം പതിനേഴായി.
അതേസമയം വിജിലന്‍സ് അറസ്റ്റിന് പിന്നാലെ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ട്. ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ 29 ന് എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. അന്നത്തെ മൊഴികള്‍ വിലയിരുത്തി വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന.
പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിലൂടെ ലഭിച്ച 10 കോടി രൂപ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് വെളുപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. എന്‍ഫോഴ്‌സ്‌മെന്റും കൂടി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്താല്‍ വിജിലന്‍സ് കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: