കോഴിക്കോട്: മിഠായ്‌തെരുവിലെ ഹനുമാന്‍ കോവിലിലെ മണി കിണര്‍ താഴ്ന്നു. സമീപത്തെ അനധികൃത കെട്ടിടത്തിന് ബലക്ഷയം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മണി കിണര്‍ താഴ്ന്നത്. രാവിലെ പൂജക്ക് പൂജാരിയെത്തിയപ്പോഴാണ് മണി കിണര്‍ താഴ്ന്ന നിലയില്‍ കണ്ടത്. ക്ഷേത്രത്തിന്റെ തറയ്‌ക്കും വിള്ളല്‍ വീണിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളത്തിന് നിറം മാറ്റം ശ്രദ്ധയില്‍ പെട്ടിരുന്നു. അഗ്‌നിബാധയെ തുടര്‍ന്ന് ബലക്ഷയം നേരിട്ട സമീപത്തെ അനധികൃത കെട്ടിടം പൊളിച്ച് മാറ്റണമെന്ന് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായിട്ടും തുടര്‍ നടപടി ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. വൈരാഗി മഠത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹനുമാന്‍ കോവില്‍. ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന സ്ഥലത്ത് ചെറിയ കെട്ടിടം നിലവിലുണ്ടായിരുന്നു. ബ്രൈറ്റ് ചിറ്റ് ഫണ്ട്, എക്‌സെല്‍ റേഡിയോ എന്നീ സ്ഥാപനങ്ങളായിരുന്നു ഇതില്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇവര്‍ വ്യാപാരി നേതാവ് ടി. നസിറുദ്ദീന് വൈരാഗി മഠത്തിന്റെ അനുമതിയില്ലാതെ കെട്ടിടം മേല്‍ വാടകയ്‌ക്ക് മറിച്ച് നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇവിടെ അനുമതിയില്ലാതെ പുതിയ കെട്ടിടം നിര്‍മിച്ചു. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച കെട്ടിടം അഗ്നിബാധയില്‍ തകരുകയായിരുന്നു. ഇപ്പോള്‍ ക്ഷേത്രത്തിന് ഭീഷണിയായി നില നില്‍ക്കുകയാണ് ഇത്. പോലീസും ഫയര്‍ഫോഴ്‌സും ജിയോളജി ആന്റ മൈനിംഗ് വിഭാഗവും സംഭവ സ്ഥലത്തെത്തി പരിശോധിച്ചു. അപകടാവസ്ഥ കണക്കിലെടുത്ത് പോലീസ് ക്ഷേത്രത്തിലേക്ക് പ്രവേശനം നിരോധിച്ചു. നിത്യ പൂജകള്‍ക്ക് മുടക്കമുണ്ടാകില്ല. ഉത്തരേന്ത്യന്‍ സമ്പ്രദായത്തിലാണ് പൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: