ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു കാലത്ത് രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. മുഖ്യ പ്രതിപക്ഷ കക്ഷി നേതാവായി പ്രവര്‍ത്തിക്കാന്‍ മലയാളിയായ എ.കെ. ഗോപാലന് അവസരം കിട്ടി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി. ഇടതുപാര്‍ട്ടി സിപിഎം. വലതുപാര്‍ട്ടി സിപിഐ. പിന്നെയും പാര്‍ട്ടി പിളര്‍ന്നു. ചെറുതായി, പലതായി. ഇടതു-വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നാലും ലോക്സഭയിലെ അംഗബലം പരിതാപകരമാണ്. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ലെന്ന ചൊല്ലുപോലെ ബീഹാര്‍ ഫലത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പത്രത്തില്‍ ബീഹാര്‍ അവലോകനം നടത്തി. അതാകട്ടെ പടിയിറങ്ങും മുമ്പുള്ളൊരു പൊയ്വെടി.
ബിജെപിയുമായി കൂട്ടുകൂടിയാല്‍ മുഖ്യകക്ഷിയുടെ അടക്കം ചോരയും നീരും ഊറ്റി ബിജെപി വളരുമെന്ന മുന്നറിയിപ്പാണ് ബീഹാര്‍ ഫലം നല്‍കുന്നതെന്നാണ് കോടിയേരിയുടെ കണ്ടെത്തല്‍. നിറംകെട്ട ജെഡിയുവിന്റെ നേതാവിന് തല്ക്കാലം മുഖ്യമന്ത്രിയാക്കുമെങ്കിലും വൈകാതെ ബിജെപി അധികാരത്തിന്റെ കോണി കയറാന്‍ കളികള്‍ പലതും കളിക്കുമെന്ന് എന്തടിസ്ഥാനത്തിലാണ് കുറിച്ചതെന്നറിയില്ല. ബിജെപിയുമായി സഖ്യത്തിനു പോകുന്ന ഏത് ജനാധിപത്യ പാര്‍ടിയും ഓര്‍ക്കേണ്ടതാണ് ബീഹാറിലെ ഈ അനുഭവമെന്ന മുന്നറിയിപ്പും. ജമ്മു കശ്മീരില്‍ ബിജെപിയുമായി സഖ്യത്തിനു പോയ ഫാറൂഖ് അബ്ദുള്ളയുടെയും മുഫ്തിയുടെയും പാര്‍ടികള്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യംപോലും നിഷേധിക്കുകയും ആ കക്ഷികളുടെ നേതാക്കളെ ദീര്‍ഘകാലം വീട്ടുതടങ്കലിലാക്കുകയും ചെയ്തു. കശ്മീര്‍ മൂന്നായി വെട്ടിമുറിച്ചു. അതുകൊണ്ട് ആര്‍എസ്എസ് ബിജെപി ചേരിയിലേക്ക് പോകുന്ന ആരും ഇത്തരം ദുരന്തങ്ങള്‍ മറക്കരുതെന്ന താക്കീതുമായിരുന്നു കോടിയേരിയുടെ ലേഖനത്തിലുള്ളത്.
ബീഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണത്രെ. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ അക്രമാസക്തമായി മുന്നോട്ടുപോകുന്ന ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെയും അവരുമായി കൂട്ടുകെട്ടുണ്ടാക്കിയ ജെഡിയുവിനെയും പരാജയപ്പെടുത്താന്‍ കഴിയുന്നതിലൂടെ മാത്രമേ മതനിരപേക്ഷതയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന ഉളുപ്പില്ലായ്മയും കോടിയേരി വിസ്തരിക്കുകയാണ്.
ഇന്ത്യയെ ആരും ഹിന്ദുരാഷ്ട്രമാക്കേണ്ടതില്ല. ഹിന്ദുരാഷ്ട്രമായതിനാലാണ് ഇന്ത്യ മതേതര ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നത്. ഇത് രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുണ്ടോ സഖാവേ? 29 സീറ്റില്‍ മത്സരിച്ച് ഇടതുപക്ഷം 16 സീറ്റ് നേടി. പകുതിയിലേറെ സീറ്റിലാണ് വിജയം നേടിയത്. വോട്ടുവിഹിതത്തിലും മുന്നിലാണ്. സിപിഐ എം, സിപിഐ കക്ഷികള്‍ രണ്ടു വീതവും സിപിഐ എംഎല് 12 സീറ്റിലും അഭിമാനക്കൊടി പാറിച്ചു. കാല് നൂറ്റാണ്ടിനിടയില്‍ ബീഹാറിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ മുന്നേറ്റമാണ് ഇത്.
ഈ അവകാശവാദത്തില്‍ 12 സീറ്റ് സിപിഐ, എംഎല് വിഭാഗത്തിനാണ്. ഇവിടെ ആ കക്ഷിക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ? എത്രപേരെയാണ് കേരളത്തില്‍ സര്‍ക്കാര്‍ വെടിവച്ചിട്ടത്? 2 സീറ്റാണ് സിപിഎം നേടിയത്. അത് കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും നക്സലുകളുടെയും വോട്ടുനേടിയാണ്.
കുടിയേറ്റത്തൊഴിലാളികളുടെ ദേശീയ ദുരിതവും അതില്‍ കേരളം നല്കിയ വ്യത്യസ്ത അനുഭവവും ബീഹാറിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഘടകമായിട്ടുണ്ടത്രെ. വിവിധ സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന 45 ലക്ഷത്തിലധികം കുടിയേറ്റത്തൊഴിലാളികള്‍ ബീഹാറികളാണ്. കോവിഡ് കാരണമുളള ലോക്ഡൗണിനെ തുടര്‍ന്ന് അവരില്‍ നല്ലൊരു പങ്ക് നാട്ടില്‍ തിരിച്ചെത്തി. വലിയൊരു വിഭാഗം കൊടിയ ദുരിതം താണ്ടിയാണ് വന്നത്. കുടിയേറ്റത്തൊഴിലാളികളെ എങ്ങനെ അവിടത്തെ സര്‍ക്കാരുകള്‍ സമീപിച്ചു എന്നതിന്റെ തിരിച്ചറിവ് അവര്‍ക്കുണ്ടായി. പിണറായി വിജയന് സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന നടപടികളും സൗജന്യ ചികിത്സയും ഭക്ഷ്യക്കിറ്റ് വിതരണവും അതിഥിത്തൊഴിലാളികള്‍ക്കായി പ്രത്യേക ക്യാമ്പ് തുറന്ന് ചപ്പാത്തിയും മട്ടനും ബീഫും ചിക്കനും ബിരിയാണിയുമൊക്കെ നല്കിയതും ഭക്ഷണ പാക്കറ്റ് നല്കി യാത്രയാക്കിയതും സ്നേഹത്തിന്റെയും കരുതലിന്റെയും മായാത്ത അനുഭവങ്ങളായെന്നാണ് കോടിയേരി അവകാശപ്പെട്ടത്. ഇതിനൊക്കെ നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധവും ഉദാരസമീപനത്തിലുമാണ്. എന്നിട്ടും വൃത്തികെട്ട രാഷ്ട്രീയമാണ് സിപിഎം പറഞ്ഞ് പരത്തിയത്. അതല്ലേ കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ കണ്ട നെറികേട്. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുംമുന്‍പ് യാത്രയയപ്പ് നല്കി. അതില്‍ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. നിങ്ങള്‍ക്ക് കിട്ടിയ സൗകര്യം കേരള സര്‍ക്കാരിന്റെ ഔദാര്യമാണ്. എന്നുപറഞ്ഞശേഷം കേരളം ഭരിക്കുന്നതാരെന്നും കൊടിയുടെ നിറമേതെന്നും ചിഹ്നം ഏതെന്നും വിശദീകരിച്ചു.” ഇതിന്റെ പേരാണ് ഉളുപ്പില്ലായ്മ. അത് മിടുക്കാണെന്നാണ് കോടിയേരി വീമ്പടിച്ചത്.
കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചുവാങ്ങിയതുകൊണ്ടാണ് മൂന്നാം മുന്നണിയുണ്ടാക്കിയത്. ആ മുന്നണിയില്‍പ്പെട്ടവര്‍ക്ക് സീറ്റ് നല്കാന് കഴിഞ്ഞില്ലപോലും! ആരൊക്കെയായിരുന്നു മൂന്നാം മുന്നണി. ഹൈദരാബാദിലെ വര്‍ഗീയ ഭ്രാന്തന് ഒവൈസി, എസ്ഡിപിഐ ഉള്‍പ്പെട്ടവര്‍. ഇവിടെ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നവര്‍ അവിടെ ഏത് ചെകുത്താനുമായും കൂടണമെന്ന്. ഇത് എന്ത് മര്യാദയാണ് സഖാക്കളെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: